ഥാർ വാങ്ങിയതിന് പിന്നാലെ പൂജ നടത്തി നാരങ്ങക്ക് മേല്‍ ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയില്‍ നിന്ന് ഥാർ താഴേയ്ക്ക് പതിച്ച് അപകടമുണ്ടായി യുവതിക്ക് ഗുരുതര പരിക്കേറ്റെന്ന പ്രചാരണം തള്ളി യുവതി.ദില്ലിയിലെ നിർമ്മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂമിലുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായും മരണപ്പെട്ടുവെന്നതടക്കമായിരുന്നു വൈറല്‍ വീഡിയോകള്‍ വിശദമാക്കിയിരുന്നത്.
എന്നാല്‍ വാഹനം പുറത്തേക്ക് ഇറക്കുമ്ബോള്‍ ആർപിഎം കണക്കുക്കൂട്ടുന്നതിനിടയിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നും അപകടത്തില്‍ ആർക്കും പരിക്കേറ്റില്ലെന്നും വ്യക്തമാക്കിയാണ് ദില്ലി സ്വദേശിയായ മാനി പവാർ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. വൈറലായ വീഡിയോകളില്‍ വിശദമാക്കുന്ന പരിക്കേറ്റ യുവതി താനാണെന്നും അപകടത്തില്‍ തനിക്കോ ഒപ്പമുണ്ടായിരുന്ന കുടുംബത്തിനോ സെയില്‍സ് എക്സിക്യുട്ടീവിനോ പരിക്കുകളില്ലെന്നാണ് യുവതി പ്രതികരിക്കുന്നത്.
റീച്ച് കിട്ടാനായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്
ആളുകള്‍ റീച്ച് കിട്ടാനായി അപകട സ്ഥലത്തെ ദൃശ്യങ്ങളുപയോഗിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് യുവതി വിശദമാക്കുന്നത്. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു. 27 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മാനി എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്ബ് പൂജ നടത്താൻ അവർ തീരുമാനിച്ചു.
പുത്തൻ ഥാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം കാർ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടി. ഇതോടെ വാഹനം മുന്നോട്ടു കുതിച്ച് ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

















