ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയില്‍ എം.എസ്സി. ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിനിയായ ക്രിസ്റ്റീന വി.ജെയും ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആദിത്യ കുമാറും എഴുതിയ ലേഖനം. ലേഖനം രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്.
കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ ഏകീകരണത്തിന്റെയും റാഷണലൈസേഷന്റെയും (യുക്തിസഹീകരണം- കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി സ്കൂളുകളെയോ അല്ലെങ്കില്‍ സ്റ്റാഫുകളെയോപുനഃസംഘടിപ്പിക്കുന്ന പ്രക്രിയ) ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ നയം വിഭവങ്ങളുടെ മികച്ച ഉപയോഗത്തിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമോ, അതോ അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമോ എന്നതാണ് പ്രധാന ചോദ്യങ്ങള്‍. കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനൊപ്പം സ്കൂളുകളെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് യുക്തിസഹീകരണം ലക്ഷ്യമിടുന്നത്. ആശയം ലളിതമായി തോന്നുമെങ്കിലും കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആർ.ടി.ഇ) ചട്ടക്കൂടിനുള്ളില്‍ നടപ്പിലാക്കുന്ന പങ്കാളിത്ത പ്രക്രിയയാണ് സ്കൂളുകളുടെ യുക്തിസഹീകരണം.
പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച്, ഈ പ്രക്രിയ പുതിയ സ്കൂളുകള്‍ തുറക്കുന്നതിലേക്കും നിലവിലുള്ളവ പരിപാലിക്കുന്നതിലേക്കും ചെറിയ സ്കൂളുകള്‍ ലയിപ്പിക്കുന്നതിലേക്കും അല്ലെങ്കില്‍ അവ മാറ്റിസ്ഥാപിക്കുന്നതിലേക്കും നയിച്ചേക്കാം. മതിയായ അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഉള്ള പൂർണ്ണമായും പ്രവർത്തിക്കുന്ന തൊട്ടടുത്ത സ്കൂളിലേക്ക് ഓരോ കുട്ടിക്കും പ്രവേശനം നല്‍കുക, സ്കൂളുകള്‍ ആർ.ടി.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാക്കുക, ആവശ്യമുള്ളിടത്ത് ജീവനക്കാരെയും വിഭവങ്ങളെയും പുനർവിന്യസിക്കുക, കുട്ടികളുടെ മികച്ച താല്‍പ്പര്യത്തിനായി വിഭവങ്ങള്‍ ഏകീകരിക്കുക, ഉപയോഗക്കുറവും പാഴാക്കലും കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
2000 കളുടെ ആദ്യ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍, പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനായി 2001 ല്‍ സർവ ശിക്ഷാ അഭിയാൻ (എസ്‌എസ്‌എ) ആരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും നടക്കാവുന്ന ദൂരത്തില്‍ സ്കൂളുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം. 2008 ല്‍ ആരംഭിച്ചതും വിദ്യാഭ്യാസ അവകാശ നിയമം (2009) ആയി നടപ്പിലാക്കിയതുമായ മറ്റൊരു വിദ്യാഭ്യാസ പരിപാടി എസ്‌എസ്‌എയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകുകയും 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് ഓരോ കിലോമീറ്ററിലും 6 മുതല്‍ 8 വരെ ക്ലാസുകള്‍ക്ക് 3 കിലോമീറ്ററിനുള്ളിലും സ്കൂളുകള്‍ ലഭ്യമാക്കണമെന്ന് നിർബന്ധമാക്കുകയും ചെയ്തു. മോശം സാങ്കേതികവിദ്യയും ജിഐഎസ് മാപ്പിംഗിന്റെ ലഭ്യതയും കാരണം ഓവർലാപ്പിംഗ് മേഖലകളില്‍ സ്കൂളുകള്‍ ഉയർന്നുവന്നു. സ്കൂളുകള്‍ക്കുള്ള ഭൂമി പ്രാദേശിക സമൂഹത്തിന്റെ സംഭാവനയില്‍ നിന്ന് ലഭിക്കേണ്ടതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പൊതുവിദ്യാലയങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്ത പ്രദേശങ്ങളിലാണ് പല സ്കൂളുകളും തുറന്നത്. തല്‍ഫലമായി, സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കുറഞ്ഞ പ്രവേശന ദൂരമുള്ള സ്കൂളുകള്‍ ഉണ്ടെന്നതാണ് വസ്തുത. ഈ പ്രശ്നം വിഭവ വിതരണത്തിനും നിരീക്ഷണത്തിനും അധ്യാപന-പഠന പ്രക്രിയ ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാരുകള്‍ക്ക് ഭാരമായി മാറുന്നു.
2013-14 ല്‍, രാജസ്ഥാനിലെ 39000 റവന്യൂ വില്ലേജുകളിലായി 86,324 സർക്കാർ സ്കൂളുകള്‍ ഉണ്ടായിരുന്നു. 30 ല്‍ താഴെ എൻറോള്‍മെന്റുള്ള 23,013 യുപി സ്കൂളുകളും പൂജ്യം എൻറോള്‍മെന്റുള്ള 142 പ്രൈമറി സ്കൂളുകളും ഉണ്ടെന്ന് കണ്ടെത്തി, അതിനാല്‍ സ്കൂളുകള്‍ സംയോജിപ്പിക്കുന്നതിനും മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും സംസ്ഥാനം മുൻകൈയെടുത്തു. 2014-15 ല്‍, ആന്ധ്രാപ്രദേശ് U-DISE റിപ്പോർട്ട് വിശകലനം ചെയ്തപ്പോള്‍ 8044 സിംഗിള്‍-ടീച്ചർ പ്രൈമറി സ്കൂളുകളും 20 ല്‍ താഴെ എൻറോള്‍മെന്റുള്ള 5639 പ്രൈമറി സ്കൂളുകളും 40 ല്‍ താഴെ എൻറോള്‍മെന്റുള്ള 3300 അപ്പർ പ്രൈമറി സ്കൂളുകളും ഉണ്ടെന്ന് കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനായി, സ്കൂളുകളുടെ വിഭവ പുനർവിതരണം-യുക്തിവല്‍ക്കരണം (RR-R) പഠിക്കാൻ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള നിരവധി പ്രൈമറി സ്കൂളുകളില്‍ 30-ല്‍ താഴെ കുട്ടികളുണ്ടെന്ന് വിശകലനം വെളിപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി തലത്തില്‍ മോഡല്‍ പ്രൈമറി സ്കൂളുകള്‍ വികസിപ്പിക്കുന്നതിന് അത്തരം സ്കൂളുകളെയും ജീവനക്കാരെയും ഒരുമിച്ച് ചേർത്ത് പോസിറ്റീവ് ഏകീകരണം നടത്താൻ വർക്കിംഗ് ഗ്രൂപ്പ് ശുപാർശ ചെയ്തു. കൂടാതെ, മികച്ച വിഭവ വിനിയോഗം ഉറപ്പാക്കാൻ സംസ്ഥാനം താല്‍ക്കാലികമായി സീറോ-എൻറോള്‍മെന്റ് സ്കൂളുകള്‍ അടച്ചുപൂട്ടുകയും ഉയർന്ന വിദ്യാർത്ഥി-അധ്യാപക അനുപാതം (PTR) ഉള്ള സ്കൂളുകളിലേക്ക് അധ്യാപകരെ പുനർവിന്യസിക്കുകയും ചെയ്തു.
അതുപോലെ ഗോവ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയും ഇതേ പ്രശ്നം നേരിട്ടു. രണ്ടോ അതിലധികമോ ചെറിയ സ്കൂളുകളില്‍ വ്യാപിച്ചുകിടക്കുന്ന കുട്ടികളെ ഒന്നിച്ചാക്കായാല്‍ അത് മികച്ച അധ്യാപന-പഠന അന്തരീക്ഷം നല്‍കുക മാത്രമല്ല, സ്കൂളുകളെ RTE-അനുയോജ്യമാക്കുകയും ചെയ്യും.
കേരളം ഇപ്പോള്‍ സ്കൂള്‍ യുക്തിസഹീകരണത്തിന്റെ ഘട്ടത്തിലാണ്. 2015-16 ല്‍ അന്നത്തെ യുഡിഎഫ് സർക്കാർ 5,715 സ്കൂളുകളെ സാമ്ബത്തികമായി പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ഈ വിഷയം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിനാല്‍ അന്നത്തെ യുഡിഎഫ് സർക്കാർ 5,715 സ്കൂളുകള്‍ സാമ്ബത്തികമായി നഷ്ടമാണെന്ന് പ്രഖ്യാപിച്ചു. ഈ സ്കൂളുകളില്‍ പലതും അടച്ചുപൂട്ടലോ ലയനമോ നേരിട്ടു. ഈ തീരുമാനം അധ്യാപക യൂണിയനുകളുടെയും സ്കൂള്‍ മാനേജ്മെന്റുകളുടെയും പ്രാദേശിക സമൂഹങ്ങളുടെയും പ്രതിഷേധത്തിന് കാരണമായി. എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍, സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനുപകരം ശക്തിപ്പെടുത്തുക എന്ന നയമാണ് സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ പുനരുജ്ജീവന ദൗത്യത്തിലൂടെ, സർക്കാർ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അധ്യാപകരെ പുനർവിന്യസിക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വൻതോതില്‍ നിക്ഷേപം നടത്തുകയും ചെയ്തു. 45,000-ത്തിലധികം ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കപ്പെട്ടു. ഇത് നിരവധി സ്കൂളുകളെ ആധുനിക പഠന ഇടങ്ങളാക്കി മാറ്റി. മോശം പ്രവേശനം കാരണം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നിരവധി സ്കൂളുകളെ രക്ഷിച്ചു.
2015-16 വർഷത്തില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലുള്ള ഗവണ്‍മെന്റ് ലോവർ പ്രൈമറി സ്കൂളില്‍ 200-ല്‍ താഴെ വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ. തല്‍ഫലമായി, സ്കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എന്നിരുന്നാലും, സ്കൂളിനെ സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും രക്ഷാകർതൃ അധ്യാപക സംഘടനയുടെ ഇടപെടല്‍ നിർണായക പങ്ക് വഹിച്ചു. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എംഎല്‍എ, എംപി ഫണ്ടുകള്‍, പ്രദേശത്തെ താമസക്കാർ, വ്യാപാരികള്‍, ക്ലബ്ബുകള്‍ എന്നിവയില്‍ നിന്നുള്ള സംഭാവനകള്‍ എന്നിവയിലൂടെ പി.ടി.എ 1.75 കോടി രൂപ ഫണ്ട് സ്വരൂപിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഈ വിഭവങ്ങള്‍ ഗണ്യമായി നിക്ഷേപിച്ചു. ഇത് വിദ്യാർത്ഥികളെ തിരികെ ആകർഷിക്കാൻ സഹായിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പി.ടി.എ പ്രവർത്തിച്ചു. അങ്ങനെ സ്കൂളിനെ അടച്ചുപൂട്ടലില്‍ രക്ഷിക്കാൻ സഹായിച്ചു.
സർക്കാരിന്റെ ഇപ്പോഴത്തെ രീതി ഏകീകരണമാണ്. സ്കൂളുകളെ രണ്ട് വിഭാഗങ്ങളായി പുനഃക്രമീകരിക്കുന്നു: 1-8 ക്ലാസുകള്‍ പ്രൈമറി വിഭാഗമായും 9-12 ക്ലാസുകള്‍ സെക്കൻഡറി വിഭാഗമായും. അധിക അധ്യാപകരെ പുനർവിന്യസിക്കാനും വിഭവങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കാനും ഈ മാതൃക സഹായിക്കുന്നു. അധ്യാപക യോഗ്യതാ ആവശ്യകതകളിലും മാറ്റം വരും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാസ്റ്റർ ബിരുദം നിർബന്ധമായിരിക്കും. 5 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ക്ക് ഏറ്റവും കുറഞ്ഞ യോഗ്യത ബാച്ചിലേഴ്സ് ബിരുദമായിരിക്കും. 1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ക്ക്, ഡി.എല്‍.എഡുള്ള പ്ലസ് ടുവിന്റെ നിലവിലെ ആവശ്യകത 2030 വരെ തുടരും. അതിനുശേഷം ഒരു ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും നിർബന്ധമാക്കും.
ഹൈസ്കൂള്‍, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി വകുപ്പുകളുടെ ഏകീകരണം പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ നടപ്പിലാക്കും. എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു എന്നിവയുള്‍പ്പെടെ എല്ലാ പൊതു പരീക്ഷകളും പുതിയ പരീക്ഷാ കമ്മീഷണർ കൈകാര്യം ചെയ്യും. സ്കൂളുകള്‍ പ്രിൻസിപ്പല്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. ഡോ. ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർത്തിയാകുന്നതിന് മുമ്ബ് സർക്കാർ പരിഷ്കരണം നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിക്കുന്നു. ഹയർ സെക്കൻഡറി വകുപ്പില്‍ മാത്രം ഒമ്ബത് ലക്ഷം വിദ്യാർത്ഥികളുള്ളതിനാല്‍ ഭരണപരമായ കുഴപ്പങ്ങള്‍ക്ക് ഇത് കാരണമായേക്കാമെന്നതിനാല്‍ ഇത് അധിക ബാധ്യതകള്‍ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറയുന്നു. വൊക്കേഷണല്‍ വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസവുമായി ലയിപ്പിച്ചാല്‍, വിഎച്ച്‌എസ്‌ഇ അധ്യാപകരുടെ തസ്തിക ഇല്ലാതാക്കിയേക്കാം. വൊക്കേഷണല്‍ അധ്യാപകരെ നൈപുണ്യ വികസന കേന്ദ്രങ്ങളിലേക്കും മറ്റ് സ്കൂളുകളിലേക്കും മാറ്റിയേക്കും.
പക്ഷേ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതാണ് ഈ നടപടികള്‍ എന്നതില്‍ തർക്കമില്ല. കുറയുന്ന ജനന നിരക്കാണ് പ്രധാന വെല്ലുവിളി. 2024-25 ല്‍ 1,197 സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ 25 ല്‍ താഴെ കുട്ടികള്‍ മാത്രമേ ഉള്ളൂ. 34 സർക്കാർ സ്കൂളുകളില്‍ ശരാശരി 10 ല്‍ താഴെ കുട്ടികളാണുള്ളത്.
ഇതൊക്കെയാണെങ്കിലും, സർക്കാർ, അധ്യാപകർ, സ്കൂള്‍ മാനേജ്മെന്റ് എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഫലമായി സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്കൂളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്. സ്കൂളുകള്‍ തുറന്നിടുക എന്നത് മാത്രമല്ല, കാര്യക്ഷമവും സുസ്ഥിരവുമായ രീതിയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ പ്രധാന ലക്ഷ്യം.
കേരളത്തിലെ സ്കൂള്‍ യുക്തിസഹീകരണ നീക്കം സൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയെ എടുത്തുകാണിക്കുന്നു. വിഭവങ്ങള്‍ ദുർബലമാകാതിരിക്കാൻ ശ്രദ്ധിക്കുകയും വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കേരളത്തിലെ സ്കൂള്‍ ഏകീകരണം ഒരു നല്ല മാതൃകയാകുമോ, അതോ അത് അധ്യാപകർക്ക് അമിതഭാരം വരുത്തുകയും വിദ്യാഭ്യാസ നിലവാരം കുറയ്ക്കുകയും ചെയ്യുമോ, പ്രത്യേകിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കാര്യത്തില്‍ എന്നതും ചർച്ചയാകുന്നു. ഭരണപരവും മറ്റ് അനുബന്ധവുമായ കടമകള്‍ കാരണം അധ്യാപകർ ഇതിനകം തന്നെ സിലബസ് കൃത്യസമയത്ത് പൂർത്തിയാക്കാൻ പാടുപെടുന്ന അവസ്ഥയാണ്. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന ദീർഘകാല വെല്ലുവിളി യുക്തിസഹീകരണം വരും വർഷങ്ങളില്‍ സജീവ ചർച്ചയായി ഉയർന്നുവരുമെന്നാണ് സൂചന നല്‍കുന്നത്.

















