കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര നിർദേശത്തെത്തുടർന്നാണ് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും അദ്ദേഹം റദ്ദാക്കി.തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നവരോട് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമ ചോദിച്ചത്.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിലും ഗുരുദേവ ജയന്തി പ്രമാണിച്ച്‌ എല്ലാ വർഷവും നടക്കുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും, ഇരിങ്ങാലക്കുടയില്‍ നിന്നു യാത്രക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വിലമതിക്കുന്നതായും പൂർണ്ണമായും അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ പ്രവർത്തിച്ചുവരികയാണെന്നും, അത് പൂർത്തിയായാല്‍ അതിന്റെ ഫ്ലാഗ് ഓഫ് ഒരുമിച്ച്‌ ആഘോഷിക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തൃശ്ശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും, നാളെ തൃശ്ശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലികളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടൻ ഡെല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാല്‍, ഇന്ന് വൈകുന്നേരം 4 മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ് .ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച്‌ എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതില്‍ എനിക്ക് ഏറെ ഖേദമുണ്ട്.

അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയില്‍ നിന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് ഞാൻ വിലമതിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു. ഇരിങ്ങാലക്കുടയില്‍ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാല്‍, അതിന്റെ ഫ്ലാഗ് ഓഫ് നമ്മള്‍ ഒരുമിച്ച്‌ വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്.

നിങ്ങളുടെ സ്വന്തം,

സുരേഷ് ഗോപി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക