വാർത്താസമ്മേളനത്തില്‍ ഖുർആൻ ഉയർത്തിപ്പിടിച്ച് മുൻ മന്ത്രി കെ ടി ജലീല്‍. മന്ത്രി ആയ സമയത്ത് ബന്ധുനിയമനത്തില്‍ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുർആൻ പിടിച്ച് സത്യം ചെയ്യുന്നതായി കെടി ജലീല്‍ പറഞ്ഞു.വ്യാജ പ്രചാരണമാണ് പി കെ ഫിറോസ് നടത്തിയതെന്നും, മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യില്‍ നിന്നാണ് 11 ലക്ഷം രൂപ കടം വാങ്ങിയതെന്നും ജലീല്‍ വ്യക്തമാക്കി.
മുസ്‌ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവില്‍ വൻ സാമ്ബത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചു. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വൻതട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിക്കുന്നു.
ഫോർച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്ബനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്ബളമെന്നും രേഖകള്‍ നിരത്തി കെ ടി ജലീല്‍ വെളിപ്പെടുത്തി. 2024 മാർച്ച് 23 മുതല്‍ ഈ ശമ്ബളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്ബോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്ബോഴേക്കും എങ്ങനെ ഇത്രയും ശമ്ബളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിക്കുന്നു. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകള്‍ എല്ലാം തരുന്നതെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരുന്നെന്നും ഇത് അപകടകരമായ രീതിയാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പടെ പണമുണ്ടായാല്‍ എന്തും ചെയ്യാമെന്ന ധിക്കാര മനോഭവമാണ്. പണം കൊടുത്ത് വശത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വെക്കാൻ പണം പിരിച്ചത് വിവാദമായി, എന്നാല്‍ യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാഴ്ചയെന്നും അദ്ദേഹം പരിഹസിച്ചു. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിച്ച മാന്യതയുടെ അരികില്‍ ലീഗ് എത്തണമെങ്കില്‍ ഫിറോസിനെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിനിർത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.








