യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് വൻ കുരുക്ക്. കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയതാണ് ഫിറോസിന് കുരുക്കായിരിക്കുന്നത്.ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പാസ്‌പോര്‍ട്ട് ഹാജരാക്കാതെ, ജാമ്യ ഉത്തരവ് ലംഘിച്ച് ഫിറോസ് തുർക്കിയില്‍ പോയെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി.മുഖ്യമന്ത്രിക്കെതിരെ യു ഡി വൈഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് നടപടി. കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരെ ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഫിറോസ് തുർക്കിയില്‍ പോയിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്തേക്ക് പോയെന്ന് ഇന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ തുർക്കിയില്‍ നിന്നെത്തിയാല്‍ ഉടനെ ഫിറോസിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.