പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയില്‍ നിന്ന് ഒഴിവാക്കിയത്.
ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ല്‍ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോള്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നായിരുന്നു ധനമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ യോഗം ആരംഭിച്ച് ആദ്യ ദിവസം തന്നെ അടിയന്തര വാർത്താസമ്മേളനം വിളിച്ച് ധനമന്ത്രി പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയ കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
സാധാരണക്കാരെ മുൻനിർത്തിയുള്ള തീരുമാനമാണ് ജിഎസ്ടി കൗണ്‍സില്‍ എടുത്തിരിക്കുന്നത്. എല്ലാ ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലായെന്നും നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.
പുതിയ നിരക്കും ഉൽപ്പന്നങ്ങളും
ജിഎസ്ടി ഇല്ല: വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. പനീർ, റൊട്ടി, കടല എന്നിവക്ക് ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റോട്ടികകള്‍ക്കും, ചപ്പാത്തികള്‍ക്കും ജിഎസ്ടി ഇല്ല. അള്‍ട്രാ ഹൈ ടെമ്ബറേച്ചർ മില്‍ക്കുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കി. 33 ജീവൻ രക്ഷാമരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി.
5% നികുതി: നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകള്‍, ചോക്ലേറ്റ്, കാപ്പി എന്നിവ.
18% നികുതി:
- ടി.വി, ഡിഷ് വാഷർ, സിമന്റ്, മാർബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍,സിമന്റ് എന്നിവയ്ക്ക് 18% നികുതിയായിരിക്കും.
- 350 സി.സി.യില്‍ താഴെയുള്ള ചെറിയ കാറുകള്‍ക്കും മോട്ടോർ സൈക്കിളുകള്‍ക്കും നികുതി 28-ല്‍ നിന്ന് 18 ശതമാനമായി കുറയും.
- പാസ്ത , ബട്ടർ, ഗീ എന്നിവയുടെ നികുതി നിരക്ക് 28ല്‍ നിന്നും 18 ആക്കി കുറച്ചു.
40% നികുതി:
- ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.
- കോള, പാൻ മസാല, സിഗരറ്റ് എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

















