രാജ്യത്തെ ജിഎസ്‍ടി ഘടന അടിമുടി മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. വരാനിരിക്കുന്ന സമൂലമായ പരിഷ്‍കാരങ്ങളില്‍, ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയുടെ നികുതി നിരക്കുകള്‍ പുനഃക്രമീകരിക്കും.രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകള്‍ നിർവചിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്ന എഞ്ചിൻ ശേഷി, വാഹന വലുപ്പം എന്നിവയുമായി ബന്ധപ്പെട്ട വർഗ്ഗീകരണത്തിലെ തർക്കങ്ങള്‍ പുതിയ രീതി പരിഹരിക്കും എന്നാണ് റിപ്പോർട്ടുകള്‍.

നിലവില്‍ ജിഎസ്‍ടിയില്‍ ഏറ്റവും ഉയർന്ന നികുതി ഇനത്തിലാണ് ഓട്ടോമൊബൈല്‍ മേഖല ഉള്‍പ്പെടുന്നത്. ഈ പുതിയ പരിഷ്‍കരണത്തിലൂടെ, സാധാരണക്കാർക്ക് പ്രയോജനം ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.നിലവില്‍, ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് ഏറ്റവും ഉയർന്ന ജിഎസ്‍ടി സ്ലാബാണ്. കൂടാതെ, വാഹനത്തിന്‍റെ തരം അനുസരിച്ച്‌ ഈ നിരക്കിന് മുകളില്‍ ഒരു ശതമാനം മുതല്‍ 22 ശതമാനം വരെ കോമ്ബൻസേഷൻ സെസും ചുമത്തുന്നു. ഇത് വാഹനങ്ങള്‍ വാങ്ങുന്നവരുടെ മേല്‍ കൂടുതല്‍ ഭാരം വർദ്ധിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനത്തിന്റെ എഞ്ചിൻ ശേഷിയും വലുപ്പവും അനുസരിച്ച്‌ കാറുകളുടെ മൊത്തം നികുതി പരിധി ചെറിയ പെട്രോള്‍ കാറുകള്‍ക്ക് 29 ശതമാനം മുതല്‍ എസ്‌യുവികള്‍ക്ക് 50 ശതമാനം വരെയാണ്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം നിരക്കിലാണ് നികുതി ചുമത്തുന്നത്. ഉപഭോക്താക്കള്‍ക്കും വാഹന നിർമ്മാതാക്കള്‍ക്കും ഒരുപോലെ ഭാരം നല്‍കുന്നവയാണ് ഈ നികുതി ഘടന.

രാജ്യത്തെ ജിഎസ്‍ടി സംവിധാനം പ്രധാനമായും രണ്ട് തലങ്ങളിലുള്ള സ്ലാബിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം. ഇതില്‍ അഞ്ച് ശതമാനം, 18 ശതമാനം, തിരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക് 40 ശതമാനം എന്നിങ്ങനെ ആയിരിക്കും ജിഎസ്‍ടി സ്ലാബുകള്‍ വരുന്നത്. ഇതനുസരിച്ച്‌ വാഹനങ്ങളെ ഒരു സ്ലാബില്‍ ഉള്‍പ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എഞ്ചിൻ ശേഷിയും നീളവും അനുസരിച്ച്‌ കാറുകളുടെ വർഗ്ഗീകരണം മൂലമുണ്ടാകുന്ന തർക്കങ്ങള്‍ അവസാനിപ്പിക്കാൻ ഇതുവഴി സാധിക്കും. നിലവിലെ 28 ശതമാനവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 18 ശതമാനം കുറഞ്ഞ ജിഎസ്‍ടി നിരക്ക് കാറുകളുടെ ആവശ്യകതയും വില്‍പ്പനയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പുതിയ പരിഷ്‍കാരത്തോടെ വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ളവ ആയിത്തീരും.

കാലാകലങ്ങളായി ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ ചാലകശക്തിയായിരുന്ന ചെറുകാറുകള്‍ക്ക് ഈ ജിഎസ്‍ടി പരിഷ്‍കരണത്തോടെ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വാഹന വില്‍പ്പന വർദ്ധിപ്പിക്കുമെന്നും സാധാരണക്കാർക്ക് കൂടുതല്‍ താങ്ങാകുമെന്നുമുള്ള കണക്കുകൂട്ടലാണ് കേന്ദ്രത്തിന്‍റെ ജിഎസ്‍ടി പരിഷ്‍കരണ നിർദ്ദേശത്തിന് പിന്നിലെ പ്രധാന ആശയം എന്നാണ് റിപ്പോർട്ടുകള്‍.

12 ശതമാനം, 28 ശതമാനം സ്ലാബ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം ഓഗസ്റ്റ് 21 ന് ജിഎസ്‍ടി നിരക്കില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേരുന്ന മന്ത്രിമാരുടെ സംഘം (ജിഒഎം) ചർച്ച ചെയ്യും. അതിനുശേഷം, കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉള്‍പ്പെടുന്ന ജിഎസ്‍ടി കൗണ്‍സില്‍ അടുത്ത മാസം യോഗം ചേർന്ന് അന്തിമ ജിഎസ്‍ടി നിരക്ക് ഘടന അംഗീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക