അത്തോളി സ്വദേശിയായ വിദ്യാർത്ഥിനിയെ എരഞ്ഞിപ്പാലത്തെ ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.യുവതിയുടെ ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആയിഷ റഷയെ ഇയാള്‍ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.ആയിഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്നാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ജിം ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാള്‍ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനുശേഷം ബഷീറുദ്ദീന്റെ അറസ്റ്റിലേയ്ക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മംഗളൂരുവില്‍ മൂന്നാംവർഷ ബീഫാം വിദ്യാർത്ഥിനിയാണ് ആയിഷ. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിഷയുടേത് ആത്മഹത്യ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം, കഴിഞ്ഞ മൂന്നു വർഷത്തോളമായി ആയിഷയുമായി പരിചയമുണ്ടെന്നാണ് ബഷീറുദ്ദീൻ പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ ‍ഇരുപത്തിനാലിനാണ് ആയിഷ തന്റെ വാടകവീട്ടിലെത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം രാവിലെ താൻ ജിമ്മിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ പോയെന്നും എന്നാല്‍ ഇതിനെ ആയിഷ എതിർത്തു എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തർക്കത്തിനൊടുവില്‍ ബഷിറുദ്ദീൻ ജിമ്മിലേക്കു പോയി. ഉച്ചയോടെ ആയിഷ ബഷീറുദ്ദീനു വാട്സാപ് സന്ദേശം അയച്ചു. ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്നായിരുന്നു സന്ദേശം. ആഘോഷം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ബഷീറുദ്ദീൻ മൊഴി നല്‍കിയിട്ടുണ്ട്.

മംഗലാപുലത്ത് പഠിക്കുന്ന ആയിഷ കോഴിക്കോട് എങ്ങനെ എത്തിയെന്നും ബഷീറുദ്ദീൻ അപായപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുബഷീർ ആണ് പേര് എന്നാണ് ഇയാള്‍ പറഞ്ഞത്. ഭർത്താവ് ആണെന്ന് ആദ്യം പറ‌ഞ്ഞതിനുശേഷം പിന്നീട് കാമുകൻ എന്ന് തിരുത്തി. ആയിഷയെ ട്രാപ്പ് ചെയ്തതാണ്. യുവതിയുടെ ചിത്രങ്ങള്‍ സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രാപ്പില്‍ കുടുക്കി എന്തെങ്കിലും നേടുക എന്നതായിരുന്നു ബഷീറുദ്ദീന്റെ ഉദ്ദേശം. ഇതിന്റെ പിന്നില്‍ ബഷീറുദ്ദീന്റെ മറ്റ് കൂട്ടാളികള്‍ ഉണ്ടോയെന്ന് സംശയമുണ്ടെന്നും ബന്ധു ആരോപിച്ചിരുന്നു. അതേസമയം, ആയിഷയുടേത് ആത്മഹത്യ ആണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക