മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയെയെ തൊടുപുഴയില്‍ വച്ച്‌ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷാജൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറി‌ഞ്ഞു. ഇവർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച്‌ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്നേഷണത്തിലാണ് പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം കിട്ടിയത്.

തൊടുപുഴയിലെത്തന്നെ സിപിഎം പ്രവർത്തകരായ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പുറകിലെന്നാണ് പൊലീസ് പറയുന്നത്. ഇവരിലൊരാള്‍, ഷാജൻസ്കറിയെ മർദ്ദിച്ചതായി സൂചിപ്പിച്ച്‌ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇനിയും ഷാജനെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതുള്‍പ്പെടെ പ്രതികളെ തിരിച്ചറിയാൻ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്. ഈ വ്യക്തിക്ക് ഷാജൻ സ്കറിയയോട് വാ‍ർത്തയിലുളള മുൻവിരോധമാണ് അതിക്രമത്തിന് കാരണമെന്നാണ് നിഗമനം.

ഷാജൻ തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതുമെല്ലാം കൃത്യമായി മനസിലാക്കി പിൻതുടർന്നായിരുന്നു ആക്രമണം. അതേസമയം സിപിഎമ്മിന് ആക്രമണവുമായി ബന്ധമില്ലെന്നാണ് ജില്ല ഘടകത്തിന്‍റെ വിശദീകരണം. പ്രതികള്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തിയെങ്കിലും അറസ്റ്റ് വൈകുന്നത് മുൻകൂർജാമ്യത്തിന് സൗകര്യമൊരുക്കാനാണെന്ന് ആരോപണമുണ്ട്. പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷാജൻ സ്കറിയയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക