ഹർഭജൻ സിംഗ് ശ്രീശാന്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്; അതിവ രഹസ്യമായി സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഐപിഎൽ കമ്മീഷണർ ലളിത് മോഡി: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം
2008 ഐപിഎല്‍ മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബില്‍ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ 18 വർഷങ്ങള്‍ക്ക് ശേഷം പുറത്ത്. മുന്‍ ഐപിഎല്‍ ചെയർമാൻ ലളിത് മോദിയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഒരു സംഭവം കൂടിയായിരുന്നു അത്. മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. സംഭവത്തിന്റെ വീഡിയോ ഒരിക്കലും പുറത്തുവരാതിരുന്നതാണ് ഇതിന് കാരണം.
ഇപ്പോഴിതാ ഓസ്ട്രേലിയൻ മുൻ താരം മൈക്കല്‍ ക്ലാർക്കിനു നല്‍കിയ അഭിമുഖത്തിലൂടെ വർഷങ്ങളായി പുറത്തുവിടാതെ വച്ചിരുന്ന ദൃശ്യങ്ങള്‍ പരസ്യമാക്കിയിരിക്കുകയാണ് ലളിത് മോദി. അതില്‍ ഹർഭജൻ ശ്രീശാന്തിനെ അടിക്കുന്നത് വ്യക്തമായി കാണാം. ഹർഭജൻ സിംഗും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങള്‍ ‘ഇതുവരെ ആരും കാണാത്തത്’ എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ലളിത് മോദി പോസ്റ്റു ചെയ്തത്. 2008ലെ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യാത്ത വീഡിയോയാണിത്. ”മത്സരം കഴിഞ്ഞ് ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ എന്റെ സുരക്ഷാ ക്യാമറകളില്‍ ഒന്ന് ഓണായിരുന്നു. അതാണ് ശ്രീശാന്തും ബാജിയും (ഹർഭജൻ സിങ്) തമ്മിലുള്ള പ്രശ്നങ്ങളുടെ വീഡിയോ പകർത്തിയത്. ഹർഭജൻ കയ്യുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്.”- ലളിത് മോദി അഭിമുഖത്തില്‍ വ്യക്തമാക്കി.
ശ്രീശാന്തിനോടുള്ള തന്റെ പ്രവൃത്തിക്ക് ഹർഭജൻ പലതവണ ക്ഷമാപണം നടത്തിയിട്ടുണ്ട്. അതും പൊതു വേദികളില്‍. ക്രിക്കറ്റ് താരം അശ്വിനുമായി ഒരു യൂട്യൂബ് ചാനലില്‍ അടുത്തിടെ നടത്തിയ അഭിമുഖത്തിലും ശ്രീശാന്തുമായുള്ള സംഭവത്തില്‍ ഹർഭജൻ ഖേദം പ്രകടിപ്പിച്ചിരുന്നു. “എന്റെ ജീവിതത്തില്‍ നിന്ന് ഞാൻ മാറ്റാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. എന്റെ കരിയറില്‍ നിന്ന് തന്നെ ആ സംഭവം ഞാൻ നീക്കം ചെയ്യണം. സംഭവിച്ചത് തെറ്റായിരുന്നു. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. 200 തവണയെങ്കിലും ഇതിനോടകം ക്ഷമാപണം നടത്തി. എനിക്ക് ഏറ്റവും വിഷമം തോന്നിയത് ആ സംഭവത്തിന് വർഷങ്ങള്‍ക്ക് ഇപ്പുറവും, ലഭിക്കുന്ന ഓരോ അവസരങ്ങളിലും ഞാൻ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതൊരു തെറ്റായിരുന്നു,” ഹർഭജൻ പറഞ്ഞു.
“വർഷങ്ങള്‍ക്കു ശേഷവും എന്നെ ഏറെ വേദനിപ്പിച്ചത്, ഞാൻ അദ്ദേഹത്തിന്റെ മകളെ കണ്ടുമുട്ടിയപ്പോള്‍. ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്‍പ്പര്യമില്ല. നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചു’ എന്ന് അവള്‍ പറഞ്ഞപ്പോഴാണ്. എന്റെ ഹൃദയം തകർന്നു. ഞാൻ കണ്ണീരിന്റെ വക്കിലെത്തി.ആ പെണ്‍കുട്ടി എന്നെക്കുറിച്ച് വളരെ മോശമായാണു ചിന്തിക്കുന്നത്. അവളുടെ അച്ഛനെ അടിച്ച ആളായിട്ടാണ് ആ കൊച്ചു പെണ്‍കുട്ടി എന്നെ കാണുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നി. ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ മകളോട് ക്ഷമ ചോദിക്കുന്നു,” ഹർഭജൻ കൂട്ടിച്ചേർത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക