പ്രമുഖ റസ്റ്റോറന്റ് ആയ ദേ പുട്ട് ബഹ്റൈനില്‍ പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ഉമ്മല്‍ഹസ്സം ഏരിയയില്‍ ആണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഭക്ഷണ വിഭവങ്ങള്‍ക്കുമൊപ്പം എല്ലാ ഇന്ത്യൻ ഭക്ഷണവും ഒരുക്കുന്ന ഒരു റസ്റ്റോറന്റ് ആയിരിക്കും തങ്ങളുടേതെന്ന് ഉടമകളായ ദിലീപ്, നാദിർഷ എന്നിവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ന്യായമായ നിരക്കില്‍ സ്വാദേറിയ ഗുണമേന്മയുള്ള ഭക്ഷണവും നല്ല പരിചരണവുമാണ് തങ്ങളുടെ റസ്റ്റോറന്റുകളുടെ മുഖമുദ്രയെന്ന് ദിലീപ് പറഞ്ഞു. ജനങ്ങളില്‍ തങ്ങളിലുള്ള വിശ്വാസമാണ് ദേ പുട്ടിന്റെ വളർച്ചക്ക് നിദാനമെന്നും അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന തങ്ങളുടെ സ്ഥാപനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും തുടർന്ന് ഇപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഷെഫുമാരെ അണിനിരത്തി വിവിധ തരത്തിലുള്ള ഭക്ഷണം ഗുണമേന്മയോടെ നല്‍കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും നല്ല ഭക്ഷണം അനുഭവിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ദിലീപ് കൂട്ടിച്ചേർത്തു.

















