പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ തുടരുന്ന ശക്തമായ മഴയാണ് അവധി പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ പോലുള്ള ദുരന്ത സാധ്യതകള്‍ ഉയർന്നതിനാല്‍ അധികാരികള്‍ ജനങ്ങളെ മുൻകരുതലുകള്‍ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കി പകല്‍ സമയത്ത് തന്നെ അവിടേക്കു മാറി താമസിക്കണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത മുന്നില്‍ കണ്ടാല്‍ ഉടൻ അധികാരികളുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു.

















