മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്ബത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവർ.ഛത്തീസ്ഗഢിലെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.
കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവർത്തകർ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു.
എന്നാല്‍ ബജ്രംഗ്ദള്‍ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.അറസ്റ്റിന് പിന്നാലെ വൻതോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.

















