കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളെ നഴ്സിംഗ് പഠനത്തിനായി ആശ്രയിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് കർണാടകയിലേക്കാണ് പ്രത്യേകിച്ച് കർണാടകയിലെ ബംഗളൂരുവിൽ. ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾ അഡ്മിഷൻ ഏജന്റമാരുടെയും കോളേജ് മാനേജ്മെന്റിന്റെയും വഞ്ചനയിൽ പെടുന്ന കഥകളും നാം കേൾക്കാറുണ്ട്.
ഇത്തരത്തിൽ അംഗീകാരമില്ലാത്ത കാര്യം മറച്ചുവെച്ച് വിദ്യാർഥികളെ ചൂഷണത്തിനെതിരെയാക്കി ലക്ഷങ്ങൾ കബളിപ്പിക്കുന്ന നഴ്സിംഗ് സ്ഥാപനമാണ് അപ്പോളോ അപ്പക്സ് നഴ്സിംഗ് കോളേജ്. അംഗീകൃത കോളേജുകളുടെ പട്ടികയിൽ ഇടം പിടിക്കാഞ്ഞിട്ടും 10 ലക്ഷം രൂപയിൽ അധികം ഫീസിടാക്കി ഇവർ ഈ വർഷവും അഡ്മിഷനുകൾ എടുക്കുന്നുണ്ട്. അഫിലിയേഷൻ അപ്രൂവൽ രേഖകൾ പ്രകാരം ബാണശങ്കയിൽ പ്രവർത്തിക്കേണ്ട കോളേജ് ആണ് ബൊമ്മസന്ദ്രയിലെ മറ്റൊരു കോളേജിന്റെ ക്യാമ്പസിൽ അനധികൃതമായി പ്രവർത്തിക്കുന്നത്.
പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോയുടെ കോളേജ് ആണ് എന്ന് അവകാശപ്പെടുമ്പോഴും ഇതിപ്പോൾ നടത്തുന്നത് കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ബന്ധുവിന്റെ മേൽനോട്ടത്തിലാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്യാമ്പസിൽ തന്നെയാണ് അനധികൃതമായി കോളേജിൻറെ പ്രവർത്തനങ്ങൾ നടക്കുന്നതും. വൻതുക ഫീസ് ഈടാക്കിയിട്ടും കോളേജിലും ഹോസ്റ്റലിലും അടക്കം വിദ്യാർത്ഥികൾക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ലഭ്യമാക്കുന്നത്.
പ്രധാനമായും മലയാളി വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് അംഗീകാരമില്ലാത്ത കോളേജിലെ അഡ്മിഷൻ നടത്തുന്നത്. പ്രമുഖ മോഡലുകളെ അടക്കം അണിനിരത്തി ഇൻസ്റ്റാഗ്രാമിൽ അടക്കം വൻ പരസ്യങ്ങളും നൽകുന്നുണ്ട്. അംഗീകാരം ഇല്ലാത്ത കോളേജിൽ അഡ്മിഷൻ എടുത്ത് ലക്ഷക്കണക്കിന് രൂപ ഫീസ് അടച്ചശേഷമാണ് പലപ്പോഴും തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും അറിയുന്നത്. പണം തിരികെ ചോദിച്ചാൽ വൻ രാഷ്ട്രീയ പിടിപാടുള്ള പ്രമുഖരുടെ സ്ഥാപനമായതിനാൽ തിരികെ പിടിക്കുക അസാധ്യമാണ്. സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പോലും ബാക്കിയുള്ള മുഴുവൻ പണവും അടയ്ക്കണം എന്ന നിർബന്ധവും പലപ്പോഴും മാനേജ്മെന്റ് പുലർത്താറുണ്ട്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിട്ടും അഡ്മിഷൻ ഏജന്റുമാർ വൻ തുക ഈടാക്കി നടത്തുന്ന ചൂഷണത്തിനെതിരെ കാര്യക്ഷമമായ നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് നിർഭാഗ്യകരമാണ്.

















