അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന ട്രാൻസ്‌ഫർമേഷനാണ് ക്രിക്കറ്റ് ലോകത്തില്‍ ഇപ്പോള്‍ സംസാരവിഷയം. വർക്കൗട്ടിന് പുറമെ കർശനമായ ഡയറ്റാണ് താരത്തിന്റെ പുതിയ രൂപമാറ്റത്തിന് പിന്നില്‍. സർഫറാസിന്റെ പിതാവും കോച്ചുമായ നൗഷാദ് ഖാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
‘നമ്മള്‍ ഡയറ്റില്‍ വളരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് നിർത്തി. പകരം ഗ്രില്‍ ചെയ്ത മീൻ, ചിക്കൻ, പുഴുങ്ങിയ മുട്ട, ഫ്രഷ് സാലഡുകള്‍, ബ്രൊക്കോളി, അവക്കാഡോ, വെള്ളരിക്ക തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഗ്രീൻ കോഫിയും ഗ്രീൻ ടീയും കുടിക്കാൻ ആരംഭിച്ചു. ഒന്നര മാസത്തോളം ഇതായിരുന്നു ഭക്ഷണക്രമം’- എന്നാണ് നൗഷാദ് വ്യക്തമാക്കിയത്.
ഗ്രീൻ കോഫി: പച്ചയായ, വറുക്കാത്ത കാപ്പിക്കുരു കൊണ്ടുണ്ടാക്കുന്ന കോഫിയാണ് ഗ്രീൻ കോഫി. അതിനാല്‍ തന്നെ കാപ്പിക്ക് നല്ല പച്ച നിറമായിരിക്കും. വറുക്കാത്തതിനാല്‍ ഇതില്‍ ക്ളോറോജെനിക് ആസിഡ് കൂടുതലായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളാണിത്. ഇന്ത്യൻ വിപണിയിലും ഇവ ലഭ്യമാണ്. ഒരു പാക്കറ്റിന് 300 രൂപ മുതല്‍ 1500 രൂപവരെയാണ് വില.
ഗുണങ്ങള്‍:
- ക്ളോറോജെനിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഗ്രീൻ കോഫി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
- രക്തസമ്മർദ്ദം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് അളവ് എന്നിവ കുറയ്ക്കാൻ ഗ്രീൻ കോഫി സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
- ഹൃദയാരോഗ്യത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിനും ഇത് പിന്തുണയ്ക്കുന്നു.
- ഗ്രീൻ കോഫിയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങള്‍ സമ്മർദ്ദം കുറയ്ക്കാനും അകാല വാർദ്ധക്യം തടയുന്നതിനും സഹായിക്കും.നീർവീക്കം തടയുകയും ഡിഎൻഎ നശിക്കുന്നത് തടയുകയും ചെയ്യും.





