ഇറ്റലിയില്‍ നടന്ന കാർ റേസിനിടെ നടനും റേസിംഗ് താരവുമായ അജിത് കുമാറിൻ്റെ കാർ അപകടത്തില്‍പ്പെട്ടു. GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കവേ മിസാനോ ട്രാക്കില്‍ വെച്ചാണ് സംഭവം. അപകടത്തില്‍പ്പെട്ടെങ്കിലും അജിത് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു.

ട്രാക്കില്‍ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിൻ്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായേക്കാവുന്ന ഒരു അപകടം ഒഴിവാക്കുന്നതില്‍ അദ്ദേഹത്തിൻ്റെ അനുഭവപരിചയം നിർണായകമായെന്നാണ് വിലയിരുത്തല്‍. റേസ്ട്രാക്കിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യൻ സീരീസിൻ്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമൻ്റേറ്റർമാരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ: “അജിത് കുമാർ കാറില്‍ നിന്ന് പുറത്തിറങ്ങിറങ്ങുകയും മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരിക്കുന്നു. ഈ വർഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. അദ്ദേഹം ഒരു മികച്ച ചാമ്ബ്യനാണ്. അദ്ദേഹം ട്രാക്കിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാൻ മാർഷലുകളെ സഹായിക്കുന്നു. ഒരുപാട് ഡ്രൈവർമാർ ഇങ്ങനെ ചെയ്യാറില്ല.”

ബെല്‍ജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്സ് സർക്യൂട്ടില്‍ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോള്‍.അജിത് 2003-ലാണ് റേസിംഗ് രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയ അദ്ദേഹം 2010-ല്‍ ഫോർമുല 2 ചാമ്ബ്യൻഷിപ്പിലും പങ്കെടുത്തു. ജർമ്മനി, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്, അഭിനയ ജീവിതവും റേസിംഗിനോടുള്ള അഭിനിവേശവും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്.

സിനിമയ്ക്കും മോട്ടോർസ്പോർട്ടിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ അടുത്തിടെ ഇന്ത്യൻ സർക്കാർ അജിത്തിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്. 2025-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്. നടൻ ഇപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അടുത്ത ചിത്രവും ആദിക് രവിചന്ദ്രൻ തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക