വയോധികക്ക് ഹസ്തദാനം നല്‍കിയ ശേഷം കൈകഴുകിയെന്ന വിവാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ കയ്യുടെ വൃത്തി താൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൈകള്‍ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
‘വിളക്ക് കത്തിക്കുന്നതിന് മുൻപ് കൈകള്‍ ശുദ്ധമാക്കിയത് ഞാൻ അങ്ങനെയായതുകൊണ്ടാണ്. എന്നെയൊന്ന് ജീവിക്കാൻ വിടൂ. ഞാൻ എന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആർക്കും ഒരു ദോഷവുമില്ല. കൈകൊടുക്കരുതെന്നും ആലിംഗനം ചെയ്യരുതെന്നും നമ്മള്‍ കോവിഡ് കാലത്ത് പറഞ്ഞ് പഠിച്ചിട്ടുള്ളതാണ്. അതൊരു ബയോളജിക്കല്‍ നീഡ് ആയിരുന്നെങ്കില്‍ അതിന് വഴങ്ങും. പക്ഷേ സ്പിരിച്ച്‌വല്‍ നീഡ് ആണെങ്കില്‍ അതിന് വഴങ്ങില്ലെന്ന് പറയുന്നത് ഒരുതരം മുനവെപ്പാണ്. അത് തെറ്റാണ്.
കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് കേക്ക് മുറിച്ചത്. നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോള്‍ ഞാൻതന്നെയാണ് മുഴുവൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തത്. എന്റെ കയ്യുടെ വൃത്തി ഞാൻ തീരുമാനിക്കണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ ഞാൻ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല’ സുരേഷ് ഗോപി പറഞ്ഞു.
തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് വയോധികയായ ആരാധികക്ക് ഹസ്തദാനം നല്‍കിയ ശേഷം സുരേഷ് ഗോപി കൈ കഴുകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വയോധികയെ അപമാനിക്കുന്നതിന് തുല്യമാണ് സുരേഷ് ഗോപിയുടെ പ്രവർത്തി എന്നായിരുന്നു വിമർശനം. എന്നാല്‍, കേക്ക് മുറിക്കുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും മുമ്ബ് കൈ കഴുകുന്നത് തന്റെ ശീലമാണ് എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

















