മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’. ഒരുപിടി ബോക്സ് ഓഫീസ് റെക്കോർഡുകളും തുടരും സ്വന്തംപേരിലായിക്കിയിട്ടുണ്ട്.
സിനിമയുടെ വൻ വിജയത്തിനൊപ്പം അതിലെ കഥാപാത്രങ്ങളും ഏറെ കൈയ്യടി നേടിയിരുന്നു. മോഹൻലാലിന്റെ ബെൻസും വില്ലനായെത്തിയ പ്രകാശ് വർമ്മയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോഴിതാ വീണ്ടുമൊരു മോഹൻലാല്‍ – പ്രകാശ് വർമ്മ കൂട്ടുകെട്ടാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലും പ്രകാശ് വർമ്മയും അഭിനയിച്ച പരസ്യമാണ് സൈബറിടങ്ങളില്‍ വൈറലാകുന്നത്. ആഭരണങ്ങള്‍ അണിഞ്ഞ് സ്‌ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ രംഗങ്ങളാണ് കൈയ്യടി നേടുന്നത്. വീഡിയോ ചുവടെ കാണാം
നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റുമായെത്തുന്നത്. “പാളിപ്പോകേണ്ടിയിരുന്ന ഐറ്റം അങ്ങ് മേളില്‍ കൊണ്ടുവച്ചു” എന്നാണ് ഒരാള്‍ വീഡിയോയില്‍ കുറിച്ചത്. “ഈ പരസ്യത്തിലേതു പോലെ സുന്ദരമായ മറ്റൊരു ലാല്‍ ഭാവവും അടുത്തൊന്നും കണ്ടിട്ടില്ല. എന്തൊരു ഭംഗിയും ഭാവവുമാണ്. വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മറ്റൊരു പരസ്യവും അടുത്ത് കണ്ടിട്ടില്ല”, “എന്താ മോനെ… സ്വല്പം ശൃംഗാരം ആയാലോ”, “എളുപ്പം കൈവിട്ട് പോവാനും ട്രോള്‍ വരാനും സാധ്യത ഉള്ളതാ, പക്ഷെ ലാലേട്ടൻ ഇത് കിടു ആയി ചെയ്തു” എന്നിങ്ങനെയാണ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലെ കമന്റുകള്‍.

















