വിവാദങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രം. സമൂഹം ചർച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെല്ലാമപ്പുറം, തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ നിറയുന്ന സുരേഷ് ഗോപി. തീയേറ്ററില്‍ ആരാധകർ കാണാനാഗ്രഹിച്ച ‘സൂപ്പർസ്റ്റാർ എസ്.ജി’യുടെ തിരിച്ചുവരവാണ് ‘ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന പ്രവീണ്‍ നാരായണൻ ചിത്രം.കോർട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ജെഎസ്കെ.

പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളും സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് ഡെലിവറിയുമായി ചിത്രം പൂർണ്ണമായി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു. നെടുങ്കൻ ഡയലോഗുകള്‍ ഒഴുക്കുതെറ്റാതെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയെ ചിത്രത്തില്‍ കാണാം. സുരേഷ് ഗോപിയുടെ പെർഫോമൻസിന് വേണ്ടി എഴുത്തപ്പെട്ട ഡയലോഗുകള്‍ എന്നതിനപ്പുറം, കഥ ആവശ്യപ്പെടുന്നു എന്നതുകൊണ്ടുകൂടിയാണ് അവ പ്രേക്ഷനെ മടുപ്പിക്കാത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീതിക്കുവേണ്ടി പോരാടുന്ന ജാനകി വിദ്യാധരൻ എന്ന ഐടി പ്രൊഫഷണലിന്റെ കഥയാണ് ജെഎസ്കെ പറയുന്നത്. നീതി എവിടെയാണോ അവിടെ നിലയുറപ്പിക്കുന്ന അഭിഭാഷകനായ ഡേവിഡ് ആബേല്‍ ഡോണോവൻ ആയാണ് സുരേഷ് ഗോപിയെ ടൈറ്റില്‍ കാർഡ് മുതല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് സമീപകാലത്തെ ചില യഥാർഥ സാമൂഹികപ്രശ്നങ്ങളും കഥയില്‍ കൂട്ടുപിടിക്കുന്നു. ഇതിനിടെ ഡേവിഡ് ഡോണോവന്റെ കഥാപാത്രത്തിന് കുടുംബമടക്കം നഷ്ടപ്പെടുന്നതായി കഥയില്‍ ആദ്യം തന്നെ പറഞ്ഞുവെക്കുന്നുണ്ട്. ഡോണോവന്റെ കുട്ടിക്കാലവും പറഞ്ഞുപോകുന്നു. പിന്നീട് ചിത്രത്തിലെ പ്രധാനവഴിത്തിരിവായി മാറുന്നതും കേവലം ടൈറ്റില്‍ കാർഡില്‍ വന്നുപോകുന്ന ഈ ഫ്ളാഷ്ബാക്കാണ്.

ഡോണോവൻ ആദ്യപകുതിയുടെ തുടക്കങ്ങളില്‍ നീതിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന അഭിഭാഷകനാണ്. എന്നാലത്, അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്റെ ജീവിത്തിലെ ഒരു അപ്രതീക്ഷിത ദുരന്തമുണ്ടാവുന്നത് വരെ മാത്രം. തുടർന്നങ്ങോട്ട് രണ്ടാംപകുതിയില്‍ ഒരുഘട്ടം വരെ ഡോണോവൻ വില്ലന്റെ കോട്ടണിഞ്ഞ നായകനാണ്. ട്രെയ്ലറുകളില്‍നിന്ന് വ്യക്തമായതുപോലെ, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. കുറ്റവാളിയെ കണ്ടെത്തുന്നതിനപ്പുറത്തേക്ക്, പ്രസക്തമായൊരു നിയമപ്രശ്നവും ചിത്രം മുന്നോട്ടുവെക്കുന്നു. അതിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതാണ്, പ്രവചിക്കാൻ കഴിയുന്ന കഥയ്ക്കുമപ്പുറം ചിത്രത്തില്‍ പ്രേക്ഷനെ പിടിച്ചിരുന്നത്.

ചിത്രത്തില്‍ പലയിടത്തും കേരളത്തിലെ സമീപകാല കക്ഷിരാഷ്ട്രീയ വിഷയങ്ങളും വന്നുപോകുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ശക്തി ജിബ്രാന്റെ പശ്ചാത്തലസംഗീതമാണ്. മാസ് സീനുകളിലും ഇമോഷണല്‍ സീനുകളിലും ഒരുപോലെ ചിത്രത്തെ പ്രേക്ഷകനുമായി ആഴത്തില്‍ ബന്ധിപ്പിക്കാൻ ജിബ്രാന്റെ സംഗീതത്തിന് സാധിക്കുന്നുണ്ട്. പാപനാശം, വിശ്വരൂപം 2, രാക്ഷസൻ, മാരാ എന്നീ തമിഴ് ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനാണ് ജിബ്രാൻ. അതിരന് ശേഷം ജിബ്രാന്റെ രണ്ടാമത്തെ മലയാളച്ചിത്രമാണ് ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. രെണദിവെയുടെ ക്യാമറയും സംജിത്തിന്റെ എഡിറ്റിങ്ങും പൂർണ്ണമായും ചിത്രത്തോട് ചേർന്നു നില്‍ക്കുന്നതാണ്.

സുരേഷ് ഗോപിയുടെ ഓറ പ്രേക്ഷനെക്കൊണ്ട് കൈയടിപ്പിക്കുന്ന രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രത്തിലുണ്ട്. ഒരു കൈയനക്കം കൊണ്ടുപോലും ഒരു സീനിനെ ആകെ പിടിച്ചുയർത്താമെന്ന് സുരേഷ് ഗോപി ഈ സീനുകളില്‍നിന്ന് വീണ്ടും തെളിയിക്കുന്നുണ്ട്. ജാനകി വിദ്യാധരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ജാനകിയുടെ സംഘർഷങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തെ ഒന്നാകെ അനുപമയും തോളിലേറ്റുന്നുണ്ട്. സുരേഷ് ഗോപിയുടെ സഹോദരിയായി എത്തുന്ന ശ്രുതി രാമചന്ദ്രൻ, ഫിറോസ് എന്ന സിവില്‍ പോലീസ് ഓഫീസറുടെ വേഷത്തിലുള്ള അഷ്കർ അലി, എസ്‌ഐ കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു സന്തോഷ്, പബ്ലിക് പ്രോസിക്യൂട്ടർ വേഷത്തിലുള്ള ജയൻ ചേർത്തല, സഹോദരങ്ങളായെത്തിയ ദിവ്യ പിള്ളയും മാധവ് സുരേഷും തുടങ്ങി പ്രധാനകഥാപാത്രങ്ങളെല്ലാം ചിത്രമാവശ്യപ്പെടുന്ന വിധത്തില്‍ അവരുടെ പരമാവധി പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മത്തായൂസ് ബേബി എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച യദുകൃഷ്ണന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. ഒരുസീനിലെങ്കിലും സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയുമായി കട്ടയ്ക്ക് നില്‍ക്കാൻ നിഷ്താർ സേട്ടിന്റെ എംഎല്‍എ ആന്റണി എന്ന കഥാപാത്രത്തിനും സാധിക്കുന്നുണ്ട്.സംവിധായകൻ പ്രവീണ്‍ നാരായണന്റേത് തന്നെയാണ് കഥയും തിരക്കഥയും. മികച്ച ഒന്നാം പകുതിയുള്ള ചിത്രത്തിന്റെ രണ്ടാംപകുതിയിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ തിരക്കഥ കൂടുതല്‍ ബലപ്പെട്ടേനെ. ഗിരീഷ് നാരായണന്റെ പാട്ടുകള്‍ മൂഡിനൊപ്പമുള്ളതായിരുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക