കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് എടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ യാണ് പോലീസുകാർ വളരെ ക്രൂരമായി തല്ലിച്ചതക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത്. 2023 ഏപ്രില്‍ മാസം അഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ സുജിത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയില്‍ വച്ച് സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോഭദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടയ്ക്കാൻ ആയിരുന്നു പോലീസ് നീക്കം നടത്തിയത്.
പക്ഷെ, വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശമനുസരണം വൈദ്യ പരിശോധനയില്‍ പോലീസ് അക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാർ സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ സുജിത്തിനെ അഞ്ചു പോലീസുകാർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
പോലീസിനെതിരെ സുജിത്ത് നടത്തിയ ധീരമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷണല്‍ മജിസ്ട്രേറ്റ് എല്‍. ജയന്ത് ഉത്തരവിട്ടത്. സുജിത്തിന് വേണ്ടി കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി ബി രാജീവ് ഹാജരായി. പോലീസുക്കാർ തന്നെ പ്രതികളായതിനാല്‍ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തുടർ നടപടികള്‍.
7 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചേർത്താണ് കോടതി കേസെടുത്തിരിക്കുന്നത്. അഞ്ചു പോലീസുകാർ പ്രതികളായ കേസില്‍ പോലീസ് ഡ്രൈവർ സുഹൈർനെ കോടതി കുറ്റവിമുക്തനാക്കി. ഇപ്പോള്‍ ഇതിനെതിരെ ഹൈകോടതിയെ സമീപിക്കാൻ തീരുമായിച്ചിരിക്കുകയാണ് സുജിത്ത്.

















