ഡ്രൈവറില്ലാ കാറുകള്‍ പുതിയ വാര്‍ത്തയല്ല. വെയ്‌മോയും ടെസ്ലയും എല്ലാം ഡ്രൈവറില്ലാ സവാരികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ കാറിന് ബുക്ക് ചെയ്താല്‍ അത് കൊണ്ടുവരാനായി ഷോറൂമിലേക്ക് പോകുകയും വേണ്ട എന്നായിരിക്കുന്നു. കാര്‍ സ്വയം ഡ്രൈവ് ചെയ്ത് പുതിയ ഉടമയുടെ അടുത്തേക്ക് എത്തും. ലോകത്തിലെ ആദ്യത്തെ കാര്‍ സ്വയം ഡ്രൈവ് ചെയ്തുള്ള ഡെലിവറിയിലൂടെ ടെസ്ല മോട്ടാര്‍ വാഹന ചരിത്രത്തില്‍ ഇടം പിടിച്ചു. സെല്‍ഫ് ഡ്രൈവിങ് ടെസ്ല മോഡല്‍ Y കമ്ബനിയുടെ, ടെക്‌സാസ് ഓസ്റ്റിനിലെ ഗിഗാ ഫാക്ടറിയില്‍ നിന്ന് കാറുടമയുടെ വീട്ടിലേക്ക് തനിയെ പുറപ്പെട്ടു.
30 മിനിറ്റ് ദൂരം ഹൈവേകളും ഇന്റര്‍സെക്ഷനുകളും ട്രാഫിക് സിഗ്നലുകളും തെരുവുകളും എല്ലാം സ്വന്തമായി നാവിഗേറ്റ് ചെയ്ത് കൃത്യമായി ഉടമയുടെ വീട്ടിലെത്തി.ടെസ്ലയുടെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവം ആദ്യം മൂന്നുമിനിറ്റ് ടീസറായും പിന്നീട് 30 മിനിറ്റ് മുഴുവീഡിയോ ആയും ഇറക്കി. മോഡല്‍ വൈ കാര്‍ ഗിഗാ ഫാക്ടറിയില്‍ നിന്ന് ഡ്രൈവര്‍ സീറ്റില്‍ ആളില്ലാതെ സ്വയം ഡ്രൈവ് ചെയ്ത് പുറപ്പെടുന്നതാണ് തുടക്കം. പിന്‍സീറ്റില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്.
World's first autonomous delivery of a car!
— Tesla (@Tesla) June 28, 2025
This Tesla drove itself from Gigafactory Texas to its new owner's home ~30min away — crossing parking lots, highways & the city to reach its new owner pic.twitter.com/WFSIaEU6Oq
വളവുകളും തിരിവുകളും, സ്‌റ്റോപ്പ് സൈനുകളും, റെഡ് സിഗ്നലുകളും എല്ലാം മനുഷ്യഇടപെടലില്ലാതെ അതിവിദഗ്ധമായി, അനായാസമായി കൈകാര്യം ചെയ്തു മോഡല്‍ വൈ. ടെസ്ല ഉടമ മസ്‌കും വീഡീയോ റീപ്പോസ്റ്റ് ചെയ്തിട്ടുണ്ട്.ആദ്യ ട്രിപ്പില്‍ വാഹനവേഗം 115 കിലോമീറ്റര്‍ വരെ എത്തിയതായി ടെസ്ലയുടെ എഐ, ഓട്ടോ പൈലറ്റ് മേധാവി അശോക് അല്ലുസ്വാമി പറഞ്ഞു.’കാറില്‍ മനുഷ്യരാരും ഇല്ലായിരുന്നുവെന്നും റിമോട്ട് ഓപ്പറേറ്റര്‍മാര്‍ ഇല്ലായിരുന്നുവെന്നും പൂര്‍ണമായും സ്വയം നിയന്ത്രിതമെന്നും മസ്‌ക് കുറിച്ചു. ഓട്ടോണമസ് ഡെലിവറി ടെസ്ല പതിവാക്കുമോ എന്ന് വ്യക്തമല്ല.
ഡ്രൈവറില്ലാതെ സവാരി നടത്തുന്ന റോബോ ടാക്സി ജൂണ്‍ 22 ന് ടെസ്ല പുറത്തിറക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് ഞായറാഴ്ച യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാ ടാക്സി സര്‍വീസിന് ടെസ്ല തുടക്കം കുറിച്ചത്. മുന്‍കൂറായി ക്ഷണിച്ച അതിഥികള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ റോബോ ടാക്സിയില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത്. ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലാതെ നീങ്ങുന്ന റോബോ ടാക്സിയുടെ ദൃശ്യങ്ങള്‍ ആദ്യയാത്ര നടത്തിയവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

















