വാഹനത്തിന്‍റെ മുൻസീറ്റില്‍ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡല്‍ഹിയിലെ തിമാർപുർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയുടെ കൈയില്‍ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്. സിഐഎസ്‌എഫില്‍ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാള്‍ക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്‌ആർഎച്ച്‌ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്‍റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.

ആറു മാസം മുമ്ബ് സിഐഎസ്‌എഫില്‍ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്ബോ വാൻ വാടകയ്‌ക്കെടുത്താണ് അവർ സാധനങ്ങള്‍ കയറ്റിക്കൊണ്ടിരുന്നത്. ഇതിനിടെ മുൻ സീറ്റില്‍ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മില്‍ തർക്കമുണ്ടായി. വാഹനത്തിന്‍റെ മുൻ സീറ്റില്‍ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോള്‍, ആക്രമാസക്തനായ ദീപക് പിതാവിന്‍റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക