മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്.
14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍ സ്വന്തം ആവശ്യത്തിന് എടുക്കാനോ മറ്റുവകുപ്പുകള്‍ക്ക് കൈമാറാനോ വ്യവസ്ഥയില്ല. വില്‍പ്പനനടത്തി മുതല്‍ക്കൂട്ടണമെന്നാണ് നിയമം. 7000 വാഹനങ്ങളാണ് എക്സൈസിന്റെ കൈവശമുള്ളത്. ഇവ ഘട്ടംഘട്ടമായി ലേലത്തിനെത്തും.
ആദ്യലേലം ഒരുമാസത്തിനുള്ളില്‍ ഉണ്ടാകും. കേന്ദ്രസർക്കാർ വെബ്സൈറ്റായ എംഎസ്ടിസി വഴി ഓണ്‍ലൈൻ ലേലമാണ് ഇതുവരെ നടത്തിയിരുന്നത്. ഇതില്‍ പങ്കെടുക്കണമെങ്കില്‍ രജിസ്ട്രേഷൻ ഫീസായി 10,000 രൂപയും നികുതിയും നല്‍കണം. ഇതുകാരണം സാധാരണക്കാർ ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. സ്ഥിരമായി ലേലംകൊള്ളുന്ന ചില കമ്ബനികളും സെക്കൻഡ് ഹാൻഡ് വാഹനവില്‍പ്പനക്കാരുമാണ് പങ്കെടുത്തിരുന്നത്. പലവാഹനങ്ങള്‍ക്കും വിപണിവില ലഭിച്ചിരുന്നില്ല.
ഇന്നോവ, ഥാർ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എക്സൈസിന്റെ കൈവശമുണ്ട്. സ്ഥിരം നമ്ബർപോലും ലഭിക്കാത്ത പുത്തൻവാഹനങ്ങള്‍ ഉള്‍പ്പെടെ ലേലത്തിനെത്തും. എക്സൈസ് കമ്മിഷണർ, പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനിയർ, ധനവകുപ്പിന്റെ പ്രതിനിധി, നികുതി ജോയിന്റ് സെക്രട്ടറി എന്നിവർ ഉള്‍പ്പെട്ട സമിതിയാണ് ലേലനടപടികള്‍ നിയന്ത്രിക്കുക.

















