കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയില്‍. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.
ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാർപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ ആണ് നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായി എറണാകുളം എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാർത്ഥികള്‍ അടക്കമുള്ളവർക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നത് സുരേഷായിരുന്നു.
മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തല്‍, മയക്കുമരുന്ന് കടത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ സുരേഷിനെതിരെ നിലവില്‍ കേസുകള്‍ ഉണ്ട്. ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാർപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
മയക്കുമരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗർ റോഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിച്ചിരുന്ന പ്രതി അക്രമാസക്തനാവുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് എക്സൈസ് സംഘം സുരേഷിനെ കീഴടക്കിയത്.
















