തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. അൻവറിന് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ മുന്നേതന്നെ അടച്ചതാണെന്നും മറിച്ചൊരു നിലപാടെടുക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല എന്നുമാണ് വി ഡി സതീശന്റെ നിലപാട്.
തന്റെ നിലപാടുകള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ്. നിലമ്ബൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം യുഡിഎഫിനുള്ളില്‍ വി ഡി സതീശന്റെ ശക്തിയും സ്വാധീനവും വർധിപ്പിക്കുന്നതാണ്.നിലമ്ബൂരിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ ക്രെഡിറ്റ് പി വി അൻവർ കൊണ്ടുപോകുമായിരുന്നു എന്നാണ് സതീശനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിന്റെ ക്രെഡിറ്റ് അൻവർ അവകാശപ്പെടുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് ആത്മവിശ്വാസം വർധിക്കാൻ സതീശന്റെ നിലപാടുകള്‍ കാരണമായെന്നും നേതാക്കള്‍ കൂട്ടിച്ചേർക്കുന്നു
.യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന നിലപാട് മുന്നണി യോഗം നേരത്തേ എടുത്തിരുന്നു. എന്നാല്‍, നിലമ്ബൂരില്‍ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയത് ഉള്‍ക്കൊള്ളാൻ അൻവറിനായില്ല. തന്റെ പ്രവേശനം തടയുന്നത് പ്രതിപക്ഷ നേതാവാണെന്ന കണക്കുകൂട്ടലില്‍ സതീശനെതിരേയും തിരിഞ്ഞു. ഇതോടെ, അൻവറിനുമുൻപില്‍ യുഡിഎഫ് വാതിലടച്ചു. പ്രവർത്തകരുടെ ആത്മാഭിമാനം കളഞ്ഞ് ഒരു കീഴടങ്ങലിനില്ലെന്നാണ് അൻവർ വിഷയത്തില്‍ സതീശൻറെ നിലപാട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അൻവറിന് സ്വാധീനമുള്ള മേഖലകളില്‍ അദ്ദേഹത്തെ സഹകരിപ്പിക്കണമെന്ന ചിന്ത പുലർത്തുന്ന നേതാക്കള്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലുമുണ്ട്. എന്നാല്‍, മുന്നണിക്കെതിരേ മത്സരിച്ച അൻവറിനെ എടുക്കുന്നതിന്റെ സാംഗത്യം സതീശൻ ചോദ്യംചെയ്യുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രാദേശികമായി എന്തെങ്കിലും നീക്കുപോക്കുകള്‍ ഉണ്ടാക്കണമെങ്കില്‍ അത് പ്രാദേശികതലത്തില്‍ ഉണ്ടാകുമെന്നല്ലാതെ യുഡിഎഫുമായുള്ള രാഷ്ട്രീയസഖ്യമെന്ന നിലയിലേക്ക് വളരാൻ നിലവില്‍ സാധ്യത കുറവാണ്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് യുഡിഎഫ് വിപുലീകരിക്കണമെന്ന ആശയവും സതീശൻ മുന്നോട്ടുവെക്കുന്നു. നേരത്തേ, യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച ചർച്ചകളൊന്നും കാര്യമായി ആരംഭിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാൻ തയ്യാറാണെന്നുംമറ്റും അൻവർ പറയുന്നുണ്ടെങ്കിലും യുഡിഎഫുമായി വിലപേശാനുള്ള ശേഷി അൻവറിന് ശോഷിക്കുകയാണ്. നിലവില്‍ സതീശന്റെ നിലപാട് യുഡിഎഫിന്റെയും നിലപാടായി മാറുമെന്ന് ചുരുക്കം.അതേസമയം, യുഡിഎഫിന്റെ ഭാഗമാകാൻ സാധിച്ചില്ലെങ്കില്‍ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി എന്തെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണിക്ക് അൻവർ രൂപംകൊടുത്തിട്ടുണ്ടെങ്കിലും അതില്‍ വലിയ ശക്തിയും സ്വാധീനവുമുള്ള പാർട്ടികളില്ല. ഇനി ഇടത് മുന്നണിയിലേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. കേരള രാഷ്ട്രീയം എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അറിയാവുന്ന ആളാണ് അൻവർ. എന്നാല്‍, ഈ രണ്ട് മുന്നണികളിലെയും ശക്തൻമാരെ പിണക്കിയതാണ് അൻവറിന് വിനയായത്. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അൻവർ രൂക്ഷമായി വിമർശിച്ചിരുന്നു.

















