കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി കിട്ടിയത്.
മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലില്‍ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലില്‍ നിന്ന് ഇയാള്‍ 25,000 രൂപയും മോഷ്ടിച്ചിരുന്നു. പണം കൈക്കലാക്കിയ ശേഷം അടുക്കള വഴി പരാതിയപ്പോളാണ് മുട്ട കണ്ടത്. പിന്നെ ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് അടുക്കളയില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാമറ കണ്ടതോടെ കള്ളന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുന്നു. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പാലക്കാടെത്തിയ പ്രതിയെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

















