വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഭരണഘടനയിലെ 108-ാം ഭേദഗതി ബില്‍ അനുസരിച്ച് 2023-ലാണ് ‘നാരി ശക്തി വന്ദൻ അധിനിയം’ നിയമം പ്രാബല്യത്തില്‍ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്. 2027-ഓടെ രാജ്യത്ത് സെൻസസ് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയബന്ധിതമായി ഡീലിമിറ്റേഷൻ പൂർത്തിയാക്കണം. ഇതിനുപിന്നാലെയാകും സ്ത്രീ സംവരണം നടപ്പിലാക്കുക.
സാങ്കേതികവിദ്യയുടെ പുരോഗതിയോടെ സെൻസസ് ഡാറ്റ മുമ്ബത്തേക്കാള്‍ വേഗത്തില്‍ ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിനുപിന്നാലെ ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകള്‍ പുനഃക്രമീകരിക്കുന്നതിനും അവയുടെ പ്രദേശിക അതിർത്തികള്‍ പുനർനിർണയിക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തില്‍ പൂർത്തിയാക്കാമെന്നും സർക്കാർ ലക്ഷ്യമിടുന്നു.
അതേസമയം, അടുത്ത സെൻസസിന് ശേഷം ഡീലിമിറ്റേഷൻ നടക്കണമെങ്കില്‍, പാർലമെന്റ് ഒരു ഡീലിമിറ്റേഷൻ നിയമം പാസാക്കേണ്ടതുണ്ട്. ഇതിന് ശേഷം പാർലമെന്റെ് ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. ഇതിന് ശേഷമാകും ജനസംഖ്യയ്ക്ക് ആനൂപാതികമായി മണ്ഡലങ്ങള്‍ പുനർനിർണയിക്കുന്നത്.
കേരളത്തിൽ എത്ര?
നിലവിലെ സാഹചര്യത്തിലെ സീറ്റെണ്ണമനുസരിച്ച് കേരളത്തിൽ ഇതോടുകൂടി ഏഴു പാർലമെന്റ് മണ്ഡലങ്ങൾ വനിതാ സംവരണം ആയി മാറും. എന്നാൽ ജനസംഖ്യ അനുപാതത്തിൽ സീറ്റുകൾ പുനർനിർണയിച്ചാൽ കേരളത്തിൽ നിലവിലുള്ള സീറ്റുകൾ കുറയാനും ഇടയുണ്ട്. ചില വിദഗ്ധ വിലയിരുത്തൽ പ്രകാരം ജനസംഖ്യ അനുപാതികമായി സീറ്റ് എണ്ണം കുറച്ചാൽ കേരളത്തിലെ ആകെ സീറ്റുകളുടെ എണ്ണം 14 ലേക്ക് താഴും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

















