കണ്ണൂർ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്.
വലിയ ബസ്സുകള്‍ക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിള്‍ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

















