ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്.
മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം കാണാൻ എത്തിയത്. ഇവർ സെല്‍ഫി എടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒഴുക്കില്‍പെട്ട് മുന്നോട്ടുനീങ്ങിയ ഇയാള്‍ ഒരു പാറയിടുക്കില്‍ തങ്ങി നിന്നു.
സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് അപകടം; യുവാവിന് രക്ഷകരായി നാട്ടുകാര്‍- വിഡിയോ
— Samakalika Malayalam (@samakalikam) June 8, 2025
pic.twitter.com/xn5RO8gBMf
ഇയാള്‍ക്കൊപ്പം എത്തിയവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് സഞ്ചാരികളും ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികള്‍ കയറുംമറ്റും എടുത്തുകൊണ്ടുവന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് തൂവല്‍ വെള്ളച്ചാട്ടമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടയില്‍ 12 പേരോളം ഇവിടെ ഇത്തരത്തില്‍ അപകടത്തില്‍പെട്ട് മരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

















