വാഗമണ്ണിലെ ചെങ്കൂത്തായ ആനപ്പാറ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 3937 അടി ഉയരത്തിലുള്ള ആനപ്പാറ പേര് പോലെ തന്നെ ഒരു ആന കിടക്കുന്ന പോലെ തോന്നും. എന്നാല്‍ ഈ ആനപ്പാറയുടെ മുകളില്‍ ഓടിച്ച് കയറ്റിയിരിക്കുകയാണ് ടാറ്റയുടെ പുതിയ ഇവി കാറായ ടാറ്റ ഹാരിയർ ഇവി.ഓഫ് റോഡ് മികവ് കാണിക്കുന്നതിന് വേണ്ടി ടാറ്റ തന്നെയാണ് ആനപ്പാറയ്ക്ക് മുകളില്‍ ഹാരിയർ കയറുന്ന വീഡിയോ പരസ്യ രൂപത്തില്‍ പുറത്തുവിട്ടത്.
കാഴ്ചക്കാർക്ക് ആകാംഷ ഉയർത്തുന്ന തരത്തില്‍ അതി സാഹസികമായിട്ടാണ് വാഹനം മുകളിലേക്ക് ഓടിച്ചു കയറ്റുന്നത്. ടാറ്റയുടെ ഈ പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് ആണ്. നിരവധി കമന്റുകളാണ് പരസ്യത്തിന് താഴെ എത്തുന്നത്. ‘ഇരുമ്ബ് കമ്ബനി ഉണ്ടെന്ന് കരുതി ഇത്രയും അഹങ്കാരം പാടില്ല’, ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ പോയാല്‍ എഞ്ചിനും നമ്മളും തവിട് പൊടി’ പോലുള്ള തമാശ കമന്റുകളും പരസ്യത്തില്‍ നിറയുന്നുണ്ട്.
34 ഡിഗ്രി ചരിവുള്ള പ്രതലത്തിലൂടെ മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ഓഫ് റേഞ്ച് മത്സരമായ ആർഎഫ്‌സി വിജയിയും മലയാളിയുമായ ഡോ. മുഹമ്മദ് ഫഹദ് ആണ്. കഴിഞ്ഞ ദിവസമാണ് ടാറ്റ ഹാരിയർ ഇവി ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ടാറ്റയുടെ ആദ്യത്തെ മിഡ്‌സൈസ് ഇലക്‌ട്രിക് എസ്യുവിയാണ് ഹാരിയർ ഇവി.
21.49 ലക്ഷം രൂപയാണ് പുതിയ ടാറ്റ ഹാരിയർ ഇവിയുടെ എക്‌സ് ഷോറൂം വില. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും കമ്ബനി നല്‍കുന്നുണ്ട്. 15 മിനിറ്റ് ചാർജ് ചെയ്താല്‍ 250 കിലോമീറ്റർ ദൂരം വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കും. ഒറ്റ ചാർജില്‍ 627 കിലോമീറ്റർ ദുരം സഞ്ചരിക്കാൻ സാധിക്കും. 7.2kW എസി ചാർജർ ഉപയോഗിച്ചാല്‍ മുഴുവൻ ചാർജ് നേടാൻ 10.7 മണിക്കൂറാണ് ചാർജ് ചെയ്യേണ്ടത്. 120kW ഡിസി ഫാസ്റ്റ് ചാർജർ ആണെങ്കില്‍ 20 മുതല്‍ 80 ശതമാനം വരെ 25 മിനിറ്റിനുള്ളില്‍ ചാർജ് ചെയ്യാൻ സാധിക്കും.

















