പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ വച്ച് മരണമടഞ്ഞിരുന്നു. ശവസംസ്കാരം ചടങ്ങുകൾക്ക് പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇപ്പോഴും മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മുൻകൈയെടുത്ത് സന്ധ്യയെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ പാർട്ടി നേതാക്കൾ ഒഴിവാക്കി എന്നും വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല എന്നും വെളിപ്പെടുത്തുന്ന സന്ധ്യയുടെ ശബ്ദരേഖയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ വിമാന കൂലി അടക്കം കൊടുത്താണ് സന്ധ്യയെ നാട്ടിലെത്തിച്ചതെന്ന വെളിപ്പെടുത്തലുമായി കേരള കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻറ് ബിജു പാലുപടവൻ രംഗത്ത് എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭർത്താവിൻറെ മൃതദേഹം സംസ്കരിക്കുവാൻ പോലും കഴിയാതിരിക്കുന്ന സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിങ് നടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സന്ധ്യ തന്നെയാണ് gofundme.com എന്ന പബ്ലിക് പ്ലാറ്റ്ഫോമിലൂടെ ധനസമാഹരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. 10000 പൗണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ വിനിമയ നിരക്കിലേക്ക് മാറ്റുമ്പോൾ ഇത് ഏകദേശം 1140000 രൂപയാണ്. 420 പൗണ്ട് ആണ് ഇതുവരെ ഇവർ സമാഹരിച്ചിരിക്കുന്നത്.

ധനസമാഹരണ പ്ലാറ്റ്ഫോമിൽ പങ്കുവെക്കപ്പെട്ട സന്ദേശം

“ഒരുപാട് പ്രതീക്ഷകളുമായി യുകെയിലെത്തിയ വിനു കുമാർ എന്ന സ്നേഹനിധിയായ ഭർത്താവ് അകാലത്തിൽ മരണമടഞ്ഞു. ഇയാളുടെ കുടുംബം അനാഥമായി. ആ കുടുംബത്തിന് അയാളുടെ ശവസംസ്കാരം നടത്തുവാനും മറ്റ് ചിലവുകൾക്കുമായി നമ്മുടെ അകമഴിഞ്ഞ പിന്തുണ ഇപ്പോൾ ആവശ്യമാണ്. അതിനാൽ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (UUKMA), യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻ ചാരിറ്റി ഫൗണ്ടേഷൻ എക്സ്റ്റർ മലയാളി അസോസിയേഷൻ എന്നീ സംഘടനകൾ തങ്ങളുടെ അംഗങ്ങളോട് ഈ കുടുംബത്തെ ഉദാരമായി സഹായിക്കാൻ അപേക്ഷിക്കുന്നു.”

ആപത്ത് കാലത്ത് സന്ധ്യയെ കൈവിട്ട രാഷ്ട്രീയ നേതൃത്വം

കേരളവും പാലാ നഗരസഭയും ഭരിക്കുന്ന ഇടതുമുന്നണിയുടെ ജനപ്രതിനിധിയാണ് ഇപ്പോഴും ആർ സന്ധ്യ. ഭർത്താവിൻറെ ശവസംസ്കാരം നടത്തുവാൻ പണം കണ്ടെത്താൻ ആവാതെ യുകെയിൽ ധനസമാഹരണം നടത്തേണ്ട ഗതികേടിലേക്ക് ഇവർ തള്ളിവിട്ടപ്പോൾ കേരളത്തിലെ ഇവരുടെ രാഷ്ട്രീയ സംരക്ഷകരെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇവിടെ പാർട്ടിയുടെയും മുന്നണിയുടെയും മുഖം രക്ഷിക്കുവാനായി ഏതാനും മാസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയ സന്ധ്യയെ ഒരു വിഷമഘട്ടത്തിൽ സഹായിക്കാൻ നേതൃത്വം തയ്യാറാകാത്തത് കൊണ്ടാണ് ഇപ്പോൾ വിദേശ മലയാളികൾക്കിടയിൽ ഇത്തരം ഒരു പണപ്പിരിവ് അവർക്ക് നടത്തേണ്ടി വരുന്നത്. ഒരുപക്ഷേ ഇതിലുള്ള അവരുടെ അതൃപ്ത്തി മൂലം തന്നെയാവാം ഇവരുടെ ശബ്ദരേഖ നേരത്തെ പുറത്ത് വന്നതിനും കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക