സംസ്ഥാനത്ത് മാവോവാദിഭീഷണി അവസാനിച്ചപ്പോള്‍ ഇവരെ നേരിടാൻ ഗ്ലോക്ക് പിസ്റ്റള്‍ വാങ്ങാൻ കേരള പോലീസ്. 179 ‘ഗ്ലോക്ക് 19 എക്സ്’ പിസ്റ്റളുകളാണ് വാങ്ങുന്നത്. 25 എണ്ണം വയനാട് ജില്ലയിലേക്കും ബാക്കി തണ്ടർബോള്‍ട്ട് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പുകള്‍ക്കും വേണ്ടിയാണ്. മാവോവാദികളെ നേരിടാൻ 2022-26 കാലത്തേക്ക് കേന്ദ്രം അനുവദിച്ച സ്പെഷ്യല്‍ ഇൻഫ്രാസ്ട്രക്ചർ സ്കീം പ്രയോജനപ്പെടുത്തിയാണ് 175 തോക്ക് വാങ്ങുന്നത്. നാലെണ്ണം പോലീസിന്റെ ആധുനികീകരണത്തിന് 2016-17-ല്‍ അനുവദിച്ച ഫണ്ടില്‍ ബാക്കിവന്ന തുക ഉപയോഗിച്ചും. 1.66 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
ചെന്നൈയിലെ കൗണ്ടർ മെഷേഴ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണ് തോക്ക് വാങ്ങുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും പശ്ചിമഘട്ട മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാവോവാദികളുടെ കബനി, ഭവാനി, ബാണാസുര, നാടുകാണി തുടങ്ങിയ ദളങ്ങളൊക്കെ ഇപ്പോള്‍ ഫലത്തില്‍ ഇല്ലാതായി. ഇതില്‍ പ്രവർത്തിച്ചിരുന്നവരില്‍ ചിലർ തണ്ടർബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും മറ്റുചിലർ പിടിയിലാകുകയും ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തു.ഇരുപതോളം മാവോവാദികള്‍ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെയും തണ്ടർ ബോള്‍ട്ടിന്റെയും കണക്ക്.
സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ പ്രവർത്തിച്ചിരുന്ന നാലുപേർ 2024 ഓഗസ്റ്റില്‍ പോലീസിന്റെ പിടിയിലായി. ആറ് മാവോവാദികള്‍ ജനുവരിയില്‍ കർണാടകയില്‍ കീഴടങ്ങി. വയനാട് സ്വദേശി ജിഷ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്. ഇതോടെയാണ് ദളങ്ങളില്‍ ആളില്ലാതായത്.
സംസ്ഥാനത്ത് മാവോവാദിസാന്നിധ്യം ഇല്ലാതായതോടെ മാവോവാദി ബാധിത മേഖലകളുടെ പട്ടികയില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തെ ഒഴിവാക്കുകയും ചെയ്തു. 735 കേസുകളാണ് സംസ്ഥാനത്ത് മാവോവാദികള്‍ക്കെതിരേ രജിസ്റ്റർചെയ്തിരുന്നത്. 14 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരേയുള്ള കേസുകളുടെ അന്വേഷണവും തെളിവെടുപ്പും മറ്റ് നടപടികളും തുടരുന്നുണ്ട്. വനത്തിലുള്‍പ്പെടെ തിരച്ചിലും മാവോവാദിബാധിത മേഖലകളോട് ചേർന്നുള്ള പോലീസ് സ്റ്റേഷനുകളുടെ സുരക്ഷാചുമതലയും നിർവഹിച്ചിരുന്ന തണ്ടർബോള്‍ട്ട് ഇപ്പോള്‍ മറ്റു ജോലികളാണ് ചെയ്യുന്നത്.

















