ഞായറാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. നഗരത്തിലെ പല പ്രധാന റോഡുകളും വെള്ളത്തിലായതോടെ വലിയ ഗതാഗതക്കുരുക്കാനുണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.
പുലർച്ചെ രണ്ടു മണി മുതല്‍ 5 മണി വരെ ശക്തമായ മഴയാണ് ബെംഗളൂരു നഗരത്തിലുണ്ടായത്.സില്‍ക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല, ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളില്‍ കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക്.
കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. പ്രദേശത്തെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.നഗരത്തിലുടനീളമുള്ള പ്രധാന കവലകള്‍, പ്രത്യേകിച്ച് ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ – നിരവധി ഐടി പാർക്കുകളും കോർപ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ – വെള്ളത്തിനടിയിലായി. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസമായ ഇന്ന് ആയിരക്കണക്കിന് ഓഫീസ് ജീവനക്കാരാണ് വെള്ളക്കെട്ടില്‍ വലഞ്ഞത്.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപെടാനായി 112 എന്ന നമ്ബറും അധികൃതർ നല്കിയിട്ടുണ്ട്.ഇന്നും ബെംഗളൂർ നഗരത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. 100 മില്ലിമീറ്ററോളം മഴ തുടരുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്‌എൻഡിഎംസി) അറിയിച്ചു. കൂടാതെ, കർണാടകയിലുടനീളമുള്ള ജില്ലകളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( ഐഎംഡി ) ഓറഞ്ച്, മഞ്ഞ അലേർട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

















