കേരളത്തിലെ പാർട്ടിയിലെയും ഭരണത്തിലെയും പേരുദോഷങ്ങള്‍ മാറ്റാൻ സിപിഎം ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബ് ഭരണത്തിന്റെ മുഖം മിനുക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ പുനസംഘടന മുതല്‍ പദ്ധതികളുടെ പൂർത്തീകരണം വരെ വിപുലമായ പദ്ധതികളാണ് സിപിഎം അണിയറയില്‍ തയ്യാറാക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരെയും പാർട്ടി ഉപയോഗപ്പെടുത്തും.
രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ പേരുദോഷങ്ങളിലൊന്നാണ് മരുമകൻ ഭരണം എന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഭർത്താവ് മുഹമ്മദ് റിയാസിനെ പൊതുമരാമത്ത് – ടൂറിസം മന്ത്രിയാക്കി എന്നതിലുപരി മറ്റു വകുപ്പുകളുടെയും ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്ന ആക്ഷേപം വ്യാപകമായുണ്ട്. മരുമകൻ ഭരണമെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ മൂന്നാം തവണയും ഇടതു മുന്നണി അധികാരത്തില്‍ വരുമെന്ന് തന്നെയാണ് സിപിഎം കണക്കു കൂട്ടുന്നത്. അതിന് മരുമകൻ ഭരണമെന്ന ആക്ഷേപം വിലങ്ങുതടിയാകരുത് എന്നുണ്ടെങ്കില്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ നിന്നും മാറ്റാൻ താമസമരുത് എന്ന് പാർട്ടിയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. രണ്ടാം പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്ബോള്‍തന്നെ ഏറ്റവുമധികം വിമർശനം ഉയർന്നത് മുഹമ്മദ് റിയാസിന് ലഭിക്കുന്ന അമിത പരിഗണന സംബന്ധിച്ചായിരുന്നു. പാർട്ടിയിലെ സീനിയർ നേതാവും മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ രാധാകൃഷ്ണന് മന്ത്രിസഭയില്‍ ഇടംലഭിച്ചെങ്കിലും താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് നല്‍കിയത്. അത്തരമൊരു സാഹചര്യത്തില്‍ താരതമ്യേന ജൂനിയറായ മുഹമ്മദ് റിയാസിന് സുപ്രധാന വകുപ്പുകള്‍ നല്‍കി. ഇതില്‍ പാർട്ടിയിലും പൊതുസമൂഹത്തിലും വിമർശനം ഉയരുകയും ചെയ്തിരുന്നു.
ആ പരാതികള്‍ക്കാണ് ഇപ്പോള്‍ സിപിഎം പരിഹാരം കാണാൻ പോകുന്നത്. ഇതിനൊപ്പം മന്ത്രി സജി ചെറിയാന്റെ കാര്യത്തിലും തീരുമാനം വേണമെന്ന അഭിപ്രായമാണ് നേതാക്കള്‍ ഉയർത്തുന്നത്.മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി പാർട്ടി സംഘടനാ ചുമതല നല്‍കാനാണ് നിലവില്‍ പുരോഗമിക്കുന്ന ചർച്ച. മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യം നിലനിർത്താൻ സ്പീക്കർ എഎൻ ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ഷംസീറിന്റെ ഒഴിവില്‍ കെ കെ ശൈലജയെ സ്പീക്കറാക്കുന്നതും പാർട്ടിയുടെ പരിഗണനയിലുണ്ട് എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
മന്ത്രി മുഹമ്മദ് റിയാസിനെ മലബാർ മേഖലയില്‍ പാർട്ടി സംഘടനാ ചുമതല നല്‍കും. ഇതിലൂടെ മലബാറിലെ മുസ്ലീം വിഭാഗത്തില്‍ പാർട്ടിക്ക് സ്വാധീനമുറപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാർട്ടിയിലെ പ്രമുഖ നേതാവ് എന്ന നിലയില്‍ മലബാറില്‍ മുസ്ലീം ജനവിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനാവശ്യമായ ക്യാമ്ബയിനുകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതലയും റിയാസിനാകും. മരുമകൻ ഭരണമെന്ന പേരുദോഷവും ഇതോടെ ഇല്ലാതാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

















