മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളർത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആർക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരൻ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരൻ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ 13 വയസ്സുകാരി എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രാജലക്ഷ്മിയും ഭർത്താവും ഏറ്റെടുത്ത് വളർത്തുകയായിരുന്നു. മക്കളില്ലാത്ത ദമ്ബതിമാർ സ്വന്തം മകളായാണ് പെണ്‍കുട്ടിയെ വളർത്തിയിരുന്നത്. ഒരുവർഷം മുമ്ബ് രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളർത്തുമകളും മാത്രമായിരുന്നു വീട്ടില്‍ താമസം.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സൗകര്യാർഥമാണ് രാജലക്ഷ്മി സ്വന്തം നാടായ ഭുവനേശ്വറില്‍നിന്ന് പറലേഖെമുണ്ഡിയിലേക്ക് താമസം മാറിയിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ പെണ്‍കുട്ടിയും കൂട്ടുപ്രതികളായ യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി അറിയുകയും ഇതിനെ എതിർക്കുകയുംചെയ്തിരുന്നു. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി അടുപ്പം പുലർത്തുന്നതില്‍ ശാസിക്കുകയുംചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കങ്ങളും പതിവായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇതിനൊപ്പം രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ പണവും ആഭരണങ്ങളും അടക്കമുള്ള സ്വത്ത് സ്വന്തമാക്കാമെന്നും പ്രതികള്‍ കരുതിയിരുന്നു.ഗണേഷ് റാഥ് ആണ് രാജലക്ഷ്മിയെ കൊല്ലാൻ പ്രേരണ നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ തടസ്സങ്ങളില്ലാതെ തങ്ങളുടെ ബന്ധം തുടരാമെന്നും സ്വത്ത് ലഭിക്കുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഏപ്രില്‍ 29-ന് മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം പെണ്‍കുട്ടി വളർത്തമ്മയ്ക്ക് ഉറക്കഗുളിക നല്‍കി. രാജലക്ഷ്മി ബോധരഹിതയായതോടെ ആണ്‍സുഹൃത്തുക്കളായ രണ്ടുപേരെയും പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് മൂവരും ചേർന്ന് തലയണ ഉപയോഗിച്ച്‌ രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

രാജലക്ഷ്മിക്ക് നെഞ്ചുവേദനയുണ്ടായെന്നും ഇതേത്തുടർന്നാണ് ബോധരഹിതയായതെന്നുമാണ് പെണ്‍കുട്ടി ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആർക്കും സംശയം തോന്നിയതുമില്ല. എന്നാല്‍, രണ്ടാഴ്ചയ്ക്ക് ശേഷം യാദൃശ്ചികമായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് അരുംകൊലയുടെ രഹസ്യം പുറംലോകമറിഞ്ഞത്.അതിനിടെ, അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വർണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച്‌ രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വർണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക