അല്‍ മുക്തദിർ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിർ ഇൻവെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.

മതവും ദൈവത്തിന്‍റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് ഇരകള്‍ പറയുന്നത്. തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിംകളാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്റസ അധ്യാപകരെയും ഏജന്‍റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10 ശതമാനം ഏജൻസി കമീഷൻ നല്‍കിയതിനാല്‍ അവർ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്ബയിൻ നടത്തി. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വർണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച്‌ വാങ്ങിയെടുത്തു. ആദ്യമൊക്കെ ചിലർക്ക് ലാഭകരമായി സ്വർണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വർണവും സമാഹരിച്ച്‌ ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്. ചില കടകള്‍ പാതി തുറന്ന് പരാതിയുമായി വരുന്നവരില്‍നിന്ന് പണം 10 ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപിച്ചപ്പോള്‍ നല്‍കിയ രേഖകള്‍ കൂടി തിരികെ വാങ്ങുകയാണ്.

നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്‍റർനെറ്റ് കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ട്. കൊല്ലം ബീച്ച്‌ റോഡില്‍ പ്രവർത്തിച്ചിരുന്ന അല്‍ മുക്തദിർ ബ്രാഞ്ചായ അല്‍-ബാസിത് ജ്വല്ലറിയില്‍ മാത്രം അഡ്വാൻസ് ബുക്കിങ് നടത്തിയവരില്‍ നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന് ശാഖകളില്‍ മാത്രം 500ലേറെ നിക്ഷേപകരുണ്ട്. അഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവർ.

കഴിഞ്ഞ അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവർത്തനരഹിതമാണ്. ഇൻവെസ്റ്റേഴ്സ് ഗ്രൂപ് കണ്‍വീനർ പി.എസ്. നിഷാദ്, എം. ഉബൈദ്, മക്തൂൻ മുഹമ്മദ് ഇല്യാസ്, എസ്. ഷാജൻ എന്നിവരടക്കം പതിനഞ്ചോളം പേർ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക