കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാർ എംഎല്‍എ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിനെടുത്തവർ സോളാർ വേലിയില്‍ അമിതമായി വൈദ്യുതി കടത്തി വിട്ടതാണ് ആനയ്ക്ക് ഷോക്കേല്‍ക്കാൻ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഇതിനെത്തുടർന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎല്‍എ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? തോന്നിവാസം കാണിക്കരുത്. എടാ നീയൊക്കെ മനുഷ്യനാണോ? നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്. എവിടെ അറസ്റ്റ് ചെയ്ത റിപ്പോർട്ട്? രണ്ടാമതും നക്‌സലുകള്‍ വരും, ഫോറസ്റ്റ് ഓഫീസ് കത്തിക്കും’ എന്നെല്ലാം എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോന്നി ഡിവൈഎസ്‌പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക