ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (എഐ) വരവോടെ സോഷ്യല്‍ മീഡിയയിലും മറ്റ് പല മേഖലകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വരുന്ന ഭൂരിഭാഗം വീഡിയോകളും എഐ നിർമിതമാണ്. യാഥാർത്ഥ്യത്തെ വെല്ലുന്ന രീതിയിലാണ് ഓരോ ദൃശ്യങ്ങളും.

ഇപ്പോഴിതാ സ്‌ത്രീകളെ നഗ്നരാക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.ആപ്പിളിന്റെ ആപ്പ്‌സ്റ്റോറിലും ഗുഗിള്‍ പ്ലേ സ്റ്റോറിലും ഇത്തരത്തിലുള്ള ഡസൻ കണക്കിന് ന്യൂഡിഫൈ ആപ്പുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. എഐ ഉപയോഗിച്ച്‌ വ്യക്തികളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ആപ്പുകളാണിവ. ടെക് ട്രാൻസ്‌പാരൻസി പ്രോജക്‌ട് (ടിപിപി) ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 55 ഉം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ 47 ഉം ന്യൂഡിഫൈ ആപ്പുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ടിപിപിയുടെ പരിശോധനയില്‍ കണ്ടെത്തിയവയില്‍ 28 ആപ്പുകള്‍ നീക്കം ചെയ്‌തതായി ആപ്പിള്‍ വക്താവ് തിങ്കളാഴ്‌ച വ്യക്തമാക്കിയതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പ് എല്ലാ ഡെവലപ്പർമാർക്കും നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മാറ്റിയതില്‍ രണ്ട് ആപ്പുകള്‍ ആപ്പിളിന്റെ മാർഗനിർദേശങ്ങള്‍ അനുസരിച്ച്‌ തിരിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.

റിപ്പോർട്ടില്‍ പരാമർശിച്ച നിരവധി ആപ്പുകള്‍ ഗൂഗിളും നീക്കം ചെയ്‌തു. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരികയാണ്. എന്നാല്‍, എത്ര ആപ്പുകള്‍ നീക്കം ചെയ്‌തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് രണ്ട് കമ്പനികളും അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു സ്‌ത്രീയുടെ സാധാരണ ചിത്രം പോലും അശ്ലീലവും ലൈംഗികച്ചുവയുമുള്ളതാക്കി മാറ്റാൻ കഴിയുന്ന ഒരുകൂട്ടം ആപ്പുകള്‍ക്ക് അവർ വേദിയൊരുക്കുകയാണെന്ന് ടിപിപി റിപ്പോർട്ടില്‍ പറയുന്നു.

ന്യൂഡിഫൈ, അണ്‍ഡ്രസ് തുടങ്ങിയ വാക്കുകള്‍ തെരഞ്ഞാണ് ആപ്പ്‌സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്പുകള്‍ ടിപിപി കണ്ടെത്തിയത്. തുടർന്ന് പൂർണമായും വസ്‌ത്രം ധരിച്ച സ്‌ത്രീകളുടെ ചിത്രം ഉപയോഗിച്ച്‌ ആപ്പുകളുടെ പ്രവർത്തനം പരിശോധിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തില്‍ രണ്ടുതരം ആപ്പുകളാണുള്ളത്. ഒരു സ്‌ത്രീയുടെ ചിത്രം നല്‍കിയാല്‍ അത് വസ്‌ത്രമില്ലാത്ത ചിത്രമാക്കി തരുന്നതാണ് ഒന്നാമത്തേത്. ഒരു യഥാർത്ഥ സ്‌ത്രീയുടെ മുഖം ഒരു നഗ്ന യുവതിയുടെ ചിത്രത്തില്‍ ചേർത്തുവയ്‌ക്കുന്ന ഫേസ് സ്വാപ്പ് ആപ്പുകളാണ് രണ്ടാമത്തേത്.അടുത്തിടെ എക്‌സ് എഐയുടെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. ആഗോളതലത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ചാറ്റ്‌ബോട്ടില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക