റാപ്പർ വേടൻ്റെ സംഗീതപരിപാടിയില്‍ എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ കഞ്ചാവ് കേസില്‍ വേടൻ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ധരിച്ചിരുന്ന മാലയില്‍ പുലിപ്പല്ലുണ്ടെന്ന് കാട്ടി വനം വകുപ്പും വേടനെതിരെ കേസെടുത്തു. അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്ലാറ്റില്‍ നിന്നാണ് വേടനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെയാണ് മാലയിലെ പുലിപ്പല്ലിൻ്റെ പേരില്‍ വനംവകുപ്പ് കേസെടുത്തത്. മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വേടനെതിരെ ചുമത്തിയിരുന്നു. പിന്നാലെ പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് വ്യാജ പ്രസ്താവനകള്‍ നടത്തിയെന്ന കണ്ടെത്തലില്‍ കോടനാട് റേഞ്ച് ഓഫീസറെ സർക്കാർ സ്ഥലംമാറ്റുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ബുധനാഴ്ച വേടന് ജാമ്യം ലഭിക്കുകയും ചെയ്തു. വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ ഘട്ടത്തില്‍ റേഞ്ച് ഓഫീസറായ അധീഷ് മാധ്യമങ്ങളോട് പറഞ്ഞത്. വകുപ്പുതല അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.കഞ്ചാവ് കേസില്‍ പിടിയിലായതിനു ശേഷമുള്ള വേടന്റെ ആദ്യ സംഗീത പരിപാടി സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് നടന്നത്.

ഉദ്ഘാടന ദിവസമായ ഏപ്രില്‍ 29ന് വൈകീട്ട് എട്ടിനായിരുന്നു സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, വേടൻ അറസ്റ്റിൻ്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കുകയായിരുന്നു. സംഗീത പരിപാടിയില്‍ വച്ച്‌ താൻ ചെയ്തത് തെറ്റാണെന്ന് വേടൻ തുറന്നുസമ്മതിച്ചിരുന്നു. ഇത്തരം തെറ്റുകള്‍ ഇനി ആവർത്തിക്കില്ലെന്നും പുലിപ്പല്ല് മാല തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും വേടൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരിപാടിയില്‍ ടെക്നീഷ്യൻ ഷോക്കേറ്റ് മരണപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക