അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക്, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള ചുമതലയും സ്വാമി ഭദ്രാനന്ദിന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള അധികാരവും സ്വാമി ഭദ്രാനന്ദിന് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ തുടക്കമായ ജനസംഘത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും പിറവി അഖില്‍ ഭാരത് ഹിന്ദു മഹാസഭയില്‍ നിന്നായിരുന്നു.
തോക്കു സ്വാമിയുടെ ചരിത്രം ഇങ്ങനെ
2008 മെയ് 18ന് ഹിമവല്‍ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളാണ് വെടിവെപ്പില്‍ കലാശിച്ചത്. ഈ സംഭവത്തെ തുടർന്ന് അദ്ദേഹം കേരളത്തിൽ അറിയപ്പെടുന്നത് തന്നെ തോക്കു സ്വാമി എന്നാണ്. തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്വാമിയെ അന്ന് ആലുവ സി.ഐ ആയിരുന്ന കെ.ജി ബാബുകുമാറും സംഘവും അനുനയിപ്പിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
സ്റ്റേഷനില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ഇവരോട് തട്ടിക്കേറിയ ഭദ്രാനന്ദ വെടിയുതിര്‍ത്തത്. ബാബുകുമാറിന്‍റെ സമയോചിതമായ ഇടപെടല്‍ മുലമാണ് വെടിവെപ്പില്‍ ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. സംഭവത്തെത്തുടര്‍ന്ന ബാബുകുമാറിനും എസ്.ഐ എം.കെ മുരളിക്കും സസ്‍പെന്‍ഷന്‍ ലഭിച്ചിരുന്നു

















