പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. യുഡിഎഫ് തീരുമാനം വളരെ സ്വാഗതമെന്ന് പി വിഅൻവർ പ്രതികരിച്ചു.
യുഡിഎഫ് യോഗത്തില്‍ അൻവറിന്റെ കാര്യം ചർച്ച ചെയ്തുവെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തി തീരുമാനം എടുക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയെന്നും യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കക്ഷികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തും. അൻവറുമായി ആവശ്യംമെങ്കില്‍ കൂടിക്കാഴ്ച നടത്തും. ഒരാഴ്ചക്കക്കം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എം എം ഹസ്സൻ അറിയിച്ചു.
ലയനം കാപ്പനുമായി?
യുഡിഎഫിലെ ഏത് രാഷ്ട്രീയകക്ഷിയുമായി ആകും അൻവർ ലയിക്കുക എന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. മാണി സി കാപ്പൻ രൂപീകരിച്ച കേരള ഡെമോക്രാറ്റിക് പാർട്ടിയുമായി ലയിച്ചാകും അൻവറിന്റെ യുഡിഎഫ് പ്രവേശനം എന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് ആയിരിക്കെ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വിട്ട് എൻഡിഎയുടെ ഭാഗമായ സജി മഞ്ഞികടമ്പൻ ഇപ്പോൾ അൻവറിനൊപ്പം ആണ്. ദിവസങ്ങൾക്കു മുമ്പ് മഞ്ഞക്കടമ്പനോടൊപ്പമാണ് തൊടുപുഴയിലെത്തി അൻവർ പിജെ ജോസഫും ആയി കൂടിക്കാഴ്ച നടത്തിയത്. സജിയുടെ മധ്യസ്ഥതയിൽ കാപ്പൻ – അൻവർ കൂടിക്കാഴ്ചയും ഉടനടി നടക്കും എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരങ്ങൾ സജീവമാകുകയാണ്.

















