ചാലക്കുടിയില്‍ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അന്വേഷണം ഇവരുടെ മകൻ സംഗീതിലേക്കും നീളുന്നു. ഇയാളെ രണ്ടു തവണ ചോദ്യംചെയ്യലിനായി ഹാജരാകാൻ വിളിപ്പിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇന്നലെ ഷീലയുടെ മരുമകളുടെ സഹോദരിയെയും കേസില്‍ പ്രതി ചേർത്തിരുന്നു. ലിവിയ ജോസ് ആണ് ഷീലയുടെ സ്‌കൂട്ടറില്‍ എല്‍ എസ് ഡി സ്റ്റാമ്ബ് വച്ചതെന്ന് അറസ്റ്റിലായ നാരായണദാസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്.

പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. എന്നാല്‍, ലിവിയ ദുബായിലേക്ക് കടന്നിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതിയായ നാരായണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, വ്യാജ എല്‍എസ്‌ഡി സ്റ്റാമ്ബുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍ എക്‌സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസ് ആണെന്ന് കണ്ടെത്തി. എക്‌സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ അന്ന് കേസില്‍ പ്രതിചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചതും കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചതും.

മരുമകളുടെ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മില്‍ തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. കടങ്ങള്‍ വീട്ടാനായി ഷീലാ സണ്ണി ഇറ്റലിയിലേക്ക് പോകാൻ ശ്രമം നടത്തിയപ്പോള്‍, സ്വർണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെയാണ് പോകുന്നതെന്ന് മരുമകളുടെ വീട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണു വൈരാഗ്യത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. ഷീലയുടെ യാത്ര മുടക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ലഹരിക്കേസ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക