പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്ന് പിന്തുണ കിട്ടിയെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്ത യോഗം രണ്ട് മണിക്കൂറിലേറെ നീണ്ടു.
പ്രധാന തീരുമാനങ്ങൾ
- സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതാണ് ഏറ്റവും സുപ്രധാന പ്രഖ്യാപനം.
- എല്ലാ പാക്കിസ്ഥാന്‍കാരും ഇന്ത്യ വിടണം. സാര്‍ക് വിസ സ്‌കീമിന് കീഴിലുളള പാക്കിസ്ഥാന്‍കാരാണ് 48 മണിക്കൂറില്‍ രാജ്യം വിടേണ്ടത്. ഇനി പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല.
- ഹൈക്കമ്മീഷനുകളിലെ അംഗ സംഖ്യ 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.
- വാഗ- അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം.
- പാക്കിസ്ഥാന്‍ ഹൈക്കമീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം.
- ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. നയതന്ത്ര – സൈനിക തലങ്ങളില്‍ തിരിച്ചടി നല്‍കുന്നതിന് ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കമാണ് സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഇതാദ്യമായാണ് കരാര്‍ മരവിപ്പിക്കുന്നത്.
പാക്ക് സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം
കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാന്‍ പോകുന്നതും കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടിയാണ്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്ബടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്ബത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സിന്ധു നദീജല ഉടമ്ബടിയുടെ പ്രാധാന്യം
- സഹകരണ മാതൃക: അതിര്‍ത്തി കടന്നുള്ള ജലം പങ്കിടലില്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക കരാറാണ് സിന്ധു നദീജല ഉടമ്ബടി. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം കൂടിയായിരുന്നു കരാര്‍ ഉയര്‍ത്തിക്കാട്ടിയത്.
- ജലപ്രവാഹം ലഭിക്കുന്ന രാഷ്ട്രത്തിന് അനുകൂലം: ഉടമ്ബടി പ്രകാരം ഉത്ഭവത്തിന് അപ്പുറത്ത് ജലപ്രവാഹം ലഭിക്കുന്ന പാകിസ്ഥാന് അനുകൂലമായിരുന്നു കരാര്‍. സിന്ധു നദീജല സംവിധാനത്തിന്റെ ഏകദേശം 80 ശതമാനം വെള്ളം പാകിസ്ഥാന് ഉപയോഗിക്കാന്‍ കഴിയും. 1944 ലെ യുഎസ് മെക്‌സികോ ജല ഉടമ്ബടി പ്രകാരം മെക്‌സിക്കോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 90 മടങ്ങ് കൂടുതലാണ് പാകിസ്ഥാന് ലഭിക്കുന്നത്.
- സംഘര്‍ഷങ്ങള്‍ ബാധിക്കാത്ത കരാര്‍: 1965-ലെയും 1971-ലെയും ഇന്ത്യ പാക് യുദ്ധ കാലത്ത് പോലും കരാര്‍ തുടര്‍ന്നു. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല.
- ആഗോള മാതൃക: പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അടിവരയിടുന്ന കരാര്‍ ആഗോളതലത്തില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഒന്നായിരുന്നു.

















