തൊടുപുഴയിലെ ജ്വല്ലറിയില്‍നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയ കേസില്‍ നിരപരാധിയാണെന്നും പാവപ്പെട്ടവരെ സഹായിക്കാനാണ് ശ്രമിച്ചതെന്നുമുള്ള മുൻ എം.എല്‍.എ മാത്യു സ്റ്റീഫന്‍റെ വാദം തെറ്റാണെന്ന തെളിവുകള്‍ പുറത്ത്.തട്ടിപ്പ് നടന്ന മൂന്നുതവണയും മാത്യു സ്റ്റീഫൻ ജ്വല്ലറിയില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
തട്ടിപ്പിന് തുടക്കംകുറിച്ച ജനുവരി 17, സ്ത്രീയെ ഉപയോഗിച്ച് ഹണിട്രാപ് മോഡല്‍ പരാതി നല്‍കി 10 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ ജനുവരി 27, ജ്വല്ലറിയില്‍ നല്‍കിയ ചെക്കുകള്‍ തിരികെ വാങ്ങിയ ജനുവരി 28 തീയതികളില്‍ മാത്യു സ്റ്റീഫനും കൂട്ടാളികളും ജ്വല്ലറിയില്‍ എത്തിയ ചിത്രങ്ങള്‍ ലഭിച്ചു.
ഒന്നാം പ്രതി മാത്യു സ്റ്റീഫനും മൂന്നാം പ്രതി സുബൈറും ജ്വല്ലറിക്ക് പുറത്ത് നോട്ടീസുമായി നില്‍ക്കുന്നതിന്‍റെയും രണ്ടാം പ്രതി ജിജിക്കൊപ്പം ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തുന്നതിന്‍റെയും അടക്കം ചിത്രങ്ങളാണ് പുറത്തുവന്നത്. ഹണിട്രാപ് രീതിയില്‍ ജ്വല്ലറി ഉടമയെയും ജീവനക്കാരെയും കുടുക്കാനുള്ള പരാതിയുമായി ജിജി തൊടുപുഴ സ്റ്റേഷനില്‍ എത്തിയപ്പോഴും മാത്യു സ്റ്റീഫൻ ഒപ്പമുണ്ടായിരുന്നുവെന്ന സൂചനകളുമുണ്ട്.
തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായിക്കുകയാണ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടപ്പോള്‍ ജ്വല്ലറിയില്‍ വിളിച്ച് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമായിരുന്നു മുൻ എം.എല്‍.എ പറഞ്ഞിരുന്നത്. തട്ടിപ്പിന് തുടക്കം കുറിച്ച ജനുവരി 17, സ്വർണം വാങ്ങിയ ജനുവരി 27, ചെക്കുകള്‍ തിരികെ വാങ്ങിയ ജനുവരി 28 തീയതികളില്‍ ജ്വല്ലറിയില്‍ ചെന്നതിന്‍റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മൂന്നാം പ്രതി സുബൈറിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പൊലീസ് കോട്ടയം ജയിലിലേക്ക് മാറ്റി. രണ്ടും നാലും പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളാല്‍ ലഭിച്ചില്ല. അടുത്തദിവസം തന്നെ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമാകും തുടർ നടപടി. മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ നേരത്തേ അറസ്റ്റിലായ സുബൈർ, ജിജി, പുരുഷോത്തമൻ എന്നിവർ ജയിലിലാണ്.
നടന്നത് ആസൂത്രിത തട്ടിപ്പ്
ജ്വല്ലറിയില്‍ ഹണി ട്രാപ് മോഡലില്‍ സ്വർണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസിനെ ഉപയോഗിക്കാനും പ്രതികളുടെ ശ്രമം. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കി കൂടുതല്‍ തട്ടിപ്പിന് ശ്രമിച്ചത്. ജ്വല്ലറിയില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന രീതിയില്‍ ജിജി സ്റ്റേഷനില്‍ നല്‍കിയ പരാതി ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. പൊലീസുകാർ അന്വേഷണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്താനും ശ്രമിച്ചു.
ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ ഇത്തരത്തില്‍ ഒന്നും പൊലീസിന് കണ്ടെത്താനായില്ല. ഇതോടെ ജിജി പരാതിയില്ലെന്ന് വ്യക്തമാക്കിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. തൊടുപുഴയില്‍ പല വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പ് ശ്രമങ്ങള്‍ നടന്നതായും സൂചനയുണ്ട്. ചില രാഷ്ട്രീയക്കാർവരെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി തൊടുപുഴ മർച്ചന്‍റ്സ് അസോസിയേഷൻ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പൊലീസില്‍ കൂടുതല്‍ പരാതി നല്‍കിയിട്ടില്ല.









