കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്ബർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോള്‍ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴില്‍ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്ബർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്ബനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയാണ് ഇഷ്‌ട നമ്ബരിനായി ലക്ഷങ്ങള്‍ മുടക്കിയിരിക്കുന്നത്. വാർത്ത പുറത്തുവന്നത് മുതല്‍ കക്ഷി ആരാണെന്ന് അറിയാനും കാണാനുമെല്ലാം ആളുകള്‍ക്ക് തിടുക്കമായിരുന്നു.

ഇപ്പോഴിതാ കക്ഷിയെയും വാഹനത്തേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് പുറത്തുവരുന്നത്. തന്റെ ഏറ്റവും പുതിയ ലംബോർഗിനി ഉറൂസ് ആഡംബര എസ്‌യുവിക്ക് വേണ്ടിയാണ് KL 07 DG 0007 എന്ന ഫാൻസി നമ്ബർ ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ചെടുത്തിരിക്കുന്നത്. പുത്തനൊരു ഫോർച്യൂണർ വാങ്ങുന്ന വിലയാണ് വെറുമൊരു നമ്ബർപ്ലേറ്റിനായി വേണു ഗോപാലകൃഷ്‌ണൻ ചെലവാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ഒരു ഫാൻസി നമ്ബറിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്ത് ഇതുവരെ ഒരു ഫാൻസി നമ്ബറിന് ലഭിച്ചതില്‍ വച്ച്‌ ഏറ്റവും ഉയർന്ന തുകയാണെന്നത് പിന്നെ പറയേണ്ടതില്ലല്ലോ. 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്ബറിനെ മറികടന്നാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്ബർ എന്ന റെക്കോർഡ് KL 07 DG 0007 സ്വന്തമാക്കിയിരിക്കുന്നത്. 2019-ല്‍ തിരുവനന്തപുരം സ്വദേശിയായ കെഎസ് ബാലഗോപാല്‍ എന്ന വ്യക്തിയായിരുന്നു KL 01 CK 0001 എന്ന നമ്ബർ തന്റെ പോർഷ 718 ബോക്സ്റ്റിനായി അന്ന് വിളിച്ചെടുത്തത്.

നിരവധി ആളുകള്‍ KL 07 DG 0007 എന്ന നമ്ബരിനായി ഓണ്‍ലൈൻ ലേലത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. പുതുതായി പുറത്തിറക്കിയ 0007 നമ്ബരിനായി 25,000 രൂപയായിരുന്നു അടിസ്ഥാന വില. അഞ്ച് വ്യക്തികള്‍ ഒരേ നമ്ബർ ബുക്ക് ചെയ്തതിനെത്തുടർന്നാണ് ലേലം നടന്നത്. ഏപ്രില്‍ ഏഴിന് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്‌സൈറ്റിലാണ് ലേലം നടന്നത്. മത്സരം മുറുകിയതോടെ പങ്കെടുത്ത അഞ്ച് പേരില്‍ മൂന്ന് പേർ പിന്നോട്ട് പോയി. അങ്ങേയറ്റം വാശിയേറിയ ലേലത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ കമ്ബനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ ഉറൂസിനായി ലേലം വിജയിക്കുന്നത്.

ഫാൻസി നമ്ബർ വാങ്ങിയ ലംബോർഗിനി ഉറൂസിനും ഏറെ പ്രത്യേകതയുള്ളതാണ്. കേരളത്തിലെ ആദ്യത്തെ ഉറൂസ് പെർഫോമാന്റെ മോഡലാണിതെന്നാണ് റിപ്പോർട്ടുകള്‍. 2022-ലാണ് ഇന്ത്യയില്‍ ഈ ആഡംബര എസ്‌യുവി ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. പഴയ പതിപ്പിനേക്കാള്‍ അല്പം കൂടുതല്‍ പവർ ഉത്പാദിപ്പിക്കുന്ന ഉറൂസിന്റെ പുതുക്കിയ പതിപ്പാണിത്. പഴയ പതിപ്പിലെ എയർ സസ്‌പെൻഷന് പകരമായി ഒരു കോയില്‍ സ്പ്രിംഗ് സജ്ജീകരണമാണ് പെർഫോമന്റെയിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക