കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 3 മണി മുതലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നത്. എന്നാല്‍, ഉപരോധം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിപ്പില്‍ പറയുന്നത്.
കേരള കോണ്‍ട്രാക്‌ട് കാരേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികള്‍ക്കാണ് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് കത്തയച്ചത്. ”വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോളിഡാരിറ്റി, എസ്.ഐ.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 09.04.2025ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊലീസിൻറെ നിയമാനുസരണമുള്ള അനുമതി കൂടാതെയാണ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസ്സങ്ങള്‍ ഉണ്ടാകാനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറ പ്രവർത്തനത്തിന് തടസ്സം വരുവാനും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുള്ളതുമാണ്. ആയതിനാല്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു’ -എന്നാണ് കത്തിലുള്ളത്.

ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് എയർപോർട്ട് ഉപരോധം. 10000ത്തോളം പ്രവർത്തകർ കൊളത്തൂർ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്ബ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേ സമയം പ്രകടനമായി വന്നു നുഅമാൻ ജംഗ്ഷനില്‍ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മാഈല്‍, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവർ അറിയിച്ചു. ഉപരോധം ആരംഭിച്ചു കഴിഞ്ഞാല്‍ അതുവഴിയുള്ള വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30ന് മുമ്ബ് വിമാനത്താവളത്തില്‍ പ്രവേശിക്കാൻ പാകത്തില്‍ യാത്ര ക്രമീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ആള്‍ ഇന്ത്യ മുസ്‍ലിം പേഴ്സനല്‍ ലോ ബോർഡ് അംഗവും ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡന്റുമായ മലിക് മുഅതസിം ഖാൻ, എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണ്‍, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി ഡയരക്ടർ ഫാ. വൈ.ടി. വിനയരാജ്, ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ, സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്ബാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.






