ഭാര്യയുടെ ഉപദ്രവം ആരോപിച്ച് യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ എല്ലാം തുറന്നുപറഞ്ഞുള്ള ഭാര്യയുടെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുൻപ് ജീവനൊടുക്കിയ ആഗ്ര സ്വദേശിയും ടി.സി.എസ്. ജീവനക്കാരനുമായ മാനവ് ശർമയുടെ ഭാര്യ നികിത ശർമയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം, ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ എവിടെവെച്ച് ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
താൻ ഒരുപാട് തെറ്റ് ചെയ്തെന്നും ഭർത്താവിനോട് കള്ളം പറഞ്ഞെന്നുമാണ് നികിത ശർമ വീഡിയോയില്‍ പറയുന്നത്. മറ്റൊരു യുവാവുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നും അമ്മാവൻ ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും യുവതി വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ദാമ്ബത്യബന്ധം തകരാതിരിക്കാൻ ഇതിനെക്കുറിച്ചൊന്നും ഭർത്താവിനോട് പറഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍, അതെല്ലാം തന്റെ കഴിഞ്ഞകാലമാണെന്നും മാനവിനോടൊപ്പം ജീവിതം ആരംഭിച്ചതിന് ശേഷം മറ്റൊരു പുരുഷനെ നോക്കുകപോലും ചെയ്തിട്ടില്ലെന്നും മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിട്ടില്ലെന്നും യുവതി പറയുന്നുണ്ട്.
”എനിക്കറിയാം ഞാൻ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. മാനവിനോട് കള്ളംപറഞ്ഞു. ഇതൊന്നും അദ്ദേഹത്തോട് പറഞ്ഞില്ല. പക്ഷേ, അത് ദാമ്ബത്യബന്ധം സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇതിനെല്ലാം ശേഷവും മാനവ് എന്നെ ഒരിക്കലും ഉപദ്രവിക്കുകയോ എനിക്ക് നേരേ കൈ ഉയർത്തുകയോ ചെയ്തിട്ടില്ല. ഈ തെറ്റുകള്‍ക്ക് പകരമായി അദ്ദേഹം എനിക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാൻ സ്വീകരിക്കും. കാരണം അഭിഷേകുമായി ശാരീരികബന്ധത്തിലേർപ്പെട്ടകാര്യം പലതവണ അദ്ദേഹം ചോദിച്ചിട്ടും ഞാൻ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ എന്റെ ജീവിതത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും മാനവിനോട് പറഞ്ഞു. എനിക്ക് വളരെയേറെ കുറ്റബോധം തോന്നുന്നു.
ഞാൻ എന്തിനും തയ്യാറാണ്. ഞങ്ങളുടെ വിവാഹക്കാര്യം സംസാരിക്കുമ്ബോള്‍ മാനവിന്റെ അച്ഛൻ ഞങ്ങളോട് സ്ത്രീധനമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അവരെല്ലാം നല്ല ആളുകളാണ്. നല്ല മനുഷ്യൻ അല്ലാത്തത് ഞാൻ മാത്രമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അല്ലെങ്കില്‍ ഞാൻ എന്തെങ്കിലും ചെയ്താല്‍ മറ്റാരും അതിന് ഉത്തരവാദികളല്ല. ഞാൻ എന്തുചെയ്താലും അത് എന്റെ ഇഷ്ടപ്രകാരം ആയിരിക്കും. എന്നോട് ക്ഷമിക്കണം മാനവ്. എനിക്ക് തെറ്റുപറ്റി”, നികിത വീഡിയോയില്‍ പറഞ്ഞു.
ഫെബ്രുവരി 24-നാണ് ടി.സി.എസ്. ജീവനക്കാരനായ മാനവ് ശർമ ആഗ്രയിലെ വീട്ടില്‍ ജീവനൊടുക്കിയത്. ഭാര്യയില്‍നിന്നുള്ള ഉപദ്രവം കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് ആത്മഹത്യയ്ക്ക് മുൻപായി ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറഞ്ഞിരുന്നത്. പുരുഷന്മാരെക്കുറിച്ചും ചിന്തിക്കണമെന്നും അവർക്കുവേണ്ടി സംസാരിക്കണമെന്നും മാനവ് ശർമ ഏഴുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ പറഞ്ഞിരുന്നു.
”ഞാൻ എന്റെ അവസ്ഥ പങ്കുവയ്ക്കട്ടെ. മറ്റുപലരെയും പോലെ തന്നെ എന്റെ ഭാര്യയും മറ്റൊരാള്‍ക്കൊപ്പം കിടക്ക പങ്കിട്ടിരുന്നതായി ഞാൻ കണ്ടെത്തി. പക്ഷേ, ഞാൻ അത് ഗൗനിച്ചില്ല. അത് പോട്ടെ എന്ന് കരുതി. ദയവായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കണം. അവരെക്കുറിച്ച് സംസാരിക്കണം. നേരത്തെയും ഞാൻ ഒന്നിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്റെ മാതാപിതാക്കളെ തൊടരുത്”, യുവാവ് വീഡിയോയില്‍ പറഞ്ഞു.അതേസമയം, മാനവ് ശർമയുടെ ആത്മഹത്യയില്‍ പിതാവ് നരേന്ദ്രകുമാർ ശർമ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആഗ്ര പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

















