കോട്ടയം മണര്‍കാട് നാല് വയസുകാരന്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പൊലീസിനും കളക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ മാസം 17 ന് കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ മുതലാണ് അസ്വാഭാവികതകള്‍ പ്രകടിപ്പിച്ചത്. ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണ് ചോക്ലേറ്റില്‍ കഴിച്ചതില്‍ നിന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണെന്ന സംശയം ഉയര്‍ന്നത്. ഇക്കാര്യം ഡോക്ടറെ അറിയിച്ചു. പക്ഷേ ഇതിനിടിയില്‍ കുട്ടി അബോധാവസ്ഥയിലായി, രക്തസമ്മര്‍ദം കൂടി. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി വിദഗ്ധ പരിശോധന നടത്തി.
ഉറക്കമില്ലായ്മയുള്‍പ്പടെയുള്ള രോഗാവസ്ഥയ്ക്ക് നല്‍കുന്ന മരുന്നാണ് ബെന്‍സോഡായാസിപെന്‍സ്. ചിലര്‍ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്ലേറ്റില്‍ എങ്ങനെ മരുന്നിന്റെ അംശം എത്തിയതെന്നതിനാലാണ് ഇപ്പോഴും അവ്യക്തത. വടവാതൂരിലെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്ക് ക്ലാസ് മുറിയില്‍ എങ്ങനെ ചോകലേറ്റ് എത്തിയെന്ന് അറിയില്ല.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതെ ഉള്ളൂവെന്ന് കുടുംബം പറഞ്ഞു.ക്ലാസ് മുറിയില്‍ എങ്ങനെ ചോക്ലേറ്റ് എത്തിയെന്ന് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞു. പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

















