യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം.മൈനാഗപ്പള്ളി ദിയ ഭവനില്‍ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ കരുനാഗപ്പളളി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയാണ് തറയില്‍ കിടക്കുന്ന നിലയില്‍ ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ആത്മഹത്യ ചെയ്യാനായി ഗുളിക കഴിച്ചെന്നാണ് ഭർത്താവ് നാട്ടുകാരോട് പറഞ്ഞത്. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

















