സൗദി അറേബ്യയോടും മറ്റ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളോടും എത്രയും പെട്ടെന്ന് എണ്ണ വില കുറയ്ക്കാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.റഷ്യയും യുക്രൈയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറയുന്നത്.
സ്വിറ്റ്സർലൻഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തിക ഫോറത്തെ വെർച്വലായി അഭിസംബോധന ചെയ്യവെയാണ് എണ്ണവില കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
‘എണ്ണവില എത്രയും പെട്ടെന്ന് കുറയ്ക്കാൻ ഞാൻ സൗദി അറേബ്യയോടും മറ്റ് ഒപെക്ക് രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. നിങ്ങള്‍ അത് ചെയ്യണം. സത്യം പറഞ്ഞാല്‍ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്ബുതന്നെ വില കുറയ്ക്കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. എണ്ണ വില കുറഞ്ഞാല്‍ റഷ്യ യുക്രൈയിൻ യുദ്ധം ഉടൻ അവസാനിക്കും. ഇപ്പോള്‍ യുക്രൈയിനില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഒപെക് രാജ്യങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദികളാണ്. ദശലക്ഷക്കണക്കിന് ജീവനുകളാണ് അവിടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. എണ്ണവില കുറയുന്നതിനൊപ്പം ലോകമെമ്ബാടും പലിശ നിരക്കും കുറയണം’- ട്രംപ് ആവശ്യപ്പെട്ടു.
ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദകരാണ് റഷ്യ. യുദ്ധത്തെത്തുടർന്ന് റഷ്യയ്ക്കുമേല്‍ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വില കുറച്ച് ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കുന്നുണ്ട്. റഷ്യയുടെ പ്രധാന വരുമാന മാർഗവും ഇങ്ങനെ എണ്ണ വില്‍ക്കുന്നതാണ്. ഒപെക് രാജ്യങ്ങള്‍ എണ്ണ വില കുറച്ചാല്‍ ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ ഒപെക്കില്‍ നിന്ന് എണ്ണ വാങ്ങുകയും അതോടെ വരുമാനം കുറയുന്ന റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറാൻ എത്രയും പെട്ടെന്ന് നിർബന്ധിതരാവും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.
യുദ്ധത്തെത്തുടർന്ന് നികുതികള്‍. താരിഫുകള്‍, ഉപരോധം എന്നിവയിലൂടെ റഷ്യയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു സാമ്ബത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രസംഗത്തിനിടെ ട്രംപ് ഓർമ്മിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനോടും റഷ്യക്കാരോടുമുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി.
മുൻ സോവിയറ്റ് റിപ്പബ്ളിക്കായ യുക്രൈയിൻ യൂറോപ്യൻ യൂണിയനില്‍ ചേരാൻ തീരുമാനിച്ചതോടെയാണ് റഷ്യ ഏകപക്ഷീയമായി യുദ്ധം തുടങ്ങിയത്.

















